തിങ്കളാഴ്ച തുല്യത പരീക്ഷ എഴുതുന്ന 41 കാരനായ ഷിജിത്ത് ശാരീരിക സാഹചര്യങ്ങളോട് പൊരുതിയാണ് ഇന്ന് പരീക്ഷക്കെത്തുന്നത്.
കിഡ്നി രോഗത്തെ മറികടന്ന് ഷിജിത്ത് ഇന്ന് തുല്യത പരീക്ഷ എഴുതും.
മുല്ലശ്ശേരി: വെണ്ണേങ്കോട്ട് വാസുദേവൻ ബാലാമണി ദമ്പതികളുടെ മകനായ 41 വയസുളള ഷിജിത്ത് ജി എച്ച് എസ് എസ് ഹയർ സെക്കൻ്ററി തുല്യതാ പഠിതാവാണ്. ശാരീരിക വെല്ലുവിളികൾ അനവധി ഉണ്ടെങ്കിലും അതെല്ലാം വകവെയ്ക്കാതെ തിങ്കളാഴ്ച്ച നടക്കുന്ന തുല്യതാ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഷിജിത്ത്.
8-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കിഡ്നി സംബന്ധമായ അസുഖം ഷിജിത്തിനെ പിടികൂടുന്നത്. തുടർന്ന് പoനം നിർത്തേണ്ടി വന്നു.19-ാം വയസിലായിരുന്നു ഷിജിത്തിന്റെ കിഡ്നിമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ. അതിന്റേതായ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും നേരിടുന്ന ഷിജിത്ത് 38-ാം വയസിലാണ് സാക്ഷരതാ മിഷൻ നടത്തിവരുന്ന ജി എച്ച് എസ് എസ് മുല്ലശ്ശേരിയിലെ പത്താംതരം തുല്യതാ സമ്പർക്ക പഠന ക്ലാസിൽ ചേരുന്നത്. തുടർന്ന് വിജയം കരസ്ഥമാക്കിയ ഷിജിത്ത് 2019 ൽ +1 ന് ചേർന്നു. അതിനിടയിൽ പ്രമേഹം മൂർച്ഛിച്ച് വലതുകണ്ണിൻ്റെ കാഴ്ച ശേഷി നഷ്ടമായി. എങ്കിലും +1 പരീക്ഷയിൽ ഷിജിത്ത് വിജയിച്ചു. +2 പഠനത്തിനിടയിൽ കാലൊടിഞ്ഞതിനെ തുടർന്ന് ഓപ്പറേഷൻ നടത്തേണ്ടി വന്നു. അതിനിടയിൽ കൊവിഡും ഷിജിത്തിനെ വെറുതെ വിട്ടില്ല.
ശാരീരികമായ എല്ലാ പ്രശ്നങ്ങളും അതിജീവിച്ചുക്കൊണ്ടാണ് പാവറട്ടിയിലെ ഹയർ സെക്കൻ്ററി തുല്യതാ പരീക്ഷ കേന്ദ്രത്തിലേക്ക് ഷിജിത്ത് എത്തുക. ഹയർ സെക്കൻ്ററി തുല്യതാ പരീക്ഷയ്ക്ക് ക്കുവേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശവും പിന്തുണയും നൽകാൻ സാക്ഷരതാ പ്രവർത്തകർ സദാ സജ്ജരാണ്. പാവറട്ടി സെൻ്റ് ജോസഫ് ഹൈസ്ക്കൂളിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് പരീക്ഷ നടക്കുക.
അവലംബം : അബ്ബാസ് വീരാവുണ്ണി