സദ് സേവന പത്ര നേട്ടവുമായി ഹോം ഗാര്‍ഡ് മനോജ്.
മാള: കൊവിഡ് വ്യാപനം ഒന്നും കഴിഞ്ഞ് രണ്ടാം തരംഗത്തിലെത്തി നില്‍ക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാവും പകലും നോക്കാതെ മുന്നിട്ടിറങ്ങിയ മാള പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി കെ മനോജിന് ഇപ്പോള്‍ സേവന മികവിന് ആദരവും. സദ് സേവന പത്രം നല്‍കിയാണ് പാലക്കാട് റീജണല്‍ ഫയര്‍ ഓഫീസര്‍ ജെ എസ് സുജിത് കുമാര്‍ മനോജിന് ഈ ആദരവ് നല്‍കിയത്. ഈ റീജിയണിലെ ആദ്യത്തെ സദ് സേവന പത്ര ജേതാവെന്ന നേട്ടവും മനോജിന് സ്വന്തം. കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ചതിനാണ് ആദരവ് നല്‍കിയത്. സര്‍വീസില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്നവര്‍ക്ക് നല്‍കുന്ന ആദരവാണ് സദ് സേവന പത്രം.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മാള സ്റ്റേഷന്‍ പരിധിയിലെ വിവിധ പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി മാറിയിരുന്നു. മാള, അന്നമനട, പുത്തന്‍ചിറ, പൊയ്യ, കുഴൂര്‍, കാടുകുറ്റി പഞ്ചായത്തിന്റെ ചില വാര്‍ഡുകള്‍ എന്നിവയാണ് മാള സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍. ഈ സമയത്ത് പ്രത്യേക പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുന്നതിന് ബാരിക്കേഡുകള്‍ വെച്ച് തിരിക്കുക, അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളെ വീടുകളിലേക്ക് തിരിച്ചയക്കുക, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുക എന്നിവയാണ് പ്രധാനമായും മനോജ് ചെയ്തു വരുന്ന ജോലികള്‍. ഡ്യൂട്ടി നിശ്ചയിക്കുന്ന പ്രദേശത്തെ കാവല്‍ക്കാരനെപോലെ നിന്നുള്ള ജോലിയാണ്. ഒരു നാടിന്റെ സുരക്ഷക്കായി ഒരു പൊലീസുകാരന്‍ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം. മുടങ്ങാതെയും ഡ്യൂട്ടി ടൈം നോക്കാതെയുമുള്ള പ്രവര്‍ത്തികള്‍. ഊണും ഉറക്കവും വരെ ചില സമയങ്ങളില്‍ ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് മനോജ് പറയുന്നു. ജോലിക്കിടയില്‍ തനിക്ക് കൊവിഡ് വരുമോ എന്ന് പോലും ചിന്തിച്ച് മാറി നില്‍ക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല.
പഴുക്കര സ്വദേശിയായ മനോജ് 2010 ലാണ് മാള പൊലീസ് സ്റ്റേഷനില്‍ ജോലിക്ക് കയറുന്നത്. പ്രളയം മാളയെ ദുരിതത്തിലാഴ്ത്തിയപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മനോജ് മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വിദേശ വനിതയേയും സംഘത്തേയും രക്ഷപ്പെടുത്തി തൃശൂരിലേക്ക് എത്തിച്ചത് മനോജ് ഇന്നും ഓര്‍ക്കുന്നു.