തീരദേശ മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് കൈത്താങ്ങായി മൂന്ന് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ കൂടി.
കയ്പമംഗലം: തീരദേശ മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് കൈത്താങ്ങായി കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഇനി മൂന്ന് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ കൂടി. മതിലകം ബ്ലോക്കിന് കീഴിലുള്ള ശ്രീനാരായണപുരം പഞ്ചായത്തിലെ ശാന്തിപുരം, മതിലകം പഞ്ചായത്തിലെ മതിലകം സബ് സെന്റർ, എടത്തിരുത്തി പഞ്ചായത്തിലെ ചൂലൂർ എന്നീ സബ് സെന്ററുകളാണ് ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെന്ററുകളായി മാറിയത്. ഓരോ സബ് സെന്ററിനും ഏഴ് ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രം, ഹെല്‍ത്ത് ആന്റ് വെല്‍നെസ് ക്ലിനിക്, ഓഫീസ് മുറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ സേവനം, കോപ്പര്‍ ടി ഇടുന്നതിനുള്ള മുറി, മുലയൂട്ടൽ മുറി, പ്രതിരോധ കുത്തിവെപ്പിനുള്ള മുറി, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, രോഗികൾക്കുള്ള ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് സബ് സെന്ററുകൾ കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്നത്.
1967ൽ പറമ്പത്ത്കണ്ടി സുലൈഖ കൈമാറിയ 15 സെന്റ് സ്ഥലത്താണ് ചൂലൂർ കുടുംബാരോഗ്യ ഉപകേന്ദ്രം സ്ഥിതി ചെയ്യുന്നത്. അഞ്ച് വാർഡുകൾ അടങ്ങുന്ന 8882 ജനങ്ങളാണ് ഈ ഉപകേന്ദ്രത്തിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. കാട്ടകത്ത് കൊച്ചു മൊയ്തീൻ എന്ന വ്യക്തി ശാന്തിപുരത്ത് നൽകിയ 20 സെന്റ് ഭൂമിയിലാണ് 1965 ഡിസംബർ 29ന് ചൂലൂർ സബ് സെന്ററിന് തറക്കല്ലിടുന്നത്. അതിന് മുമ്പ് വരെ ആലയിൽ വാടകക്കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നിലവിൽ 650 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 65 വർഷം പഴക്കമുള്ള മതിലകം സബ് സെന്റർ കൂളിമുട്ടം എഫ് എച്ച് സി യുടെ കീഴിലാണ് വരിക. ചൂലൂർ ഉപകേന്ദ്രം എഫ് എച്ച് സി ചാമക്കാലയുടെ കീഴിലും ശാന്തിപുരം ഉപകേന്ദ്രം പി വെമ്പല്ലൂർ എഫ് എച്ച് സിയുടെ കീഴിലുമാണ് വരിക.
നിലവിൽ ഈ സബ് സെന്ററുകളിൽ മാതൃ ശിശു സംരക്ഷണം, പ്രതിരോധ കുത്തിവെപ്പുകൾ, കുടുംബാസൂത്രണ മാർഗങ്ങൾ, ജീവിതശൈലീ രോഗ ക്ലിനിക്, ഗർഭിണികൾക്കും വയോധികർ ക്കുമുള്ള ക്ലിനിക്, കൗമാര ആരോഗ്യ ക്ലിനിക്, വാർഡു തല ആരോഗ്യ ശുചിത്വ സമിതിയുടെ പ്രവർത്തന ഏകീകരണം എന്നിവയാണ് ഉണ്ടായിരുന്നത്.
കയ്പമംഗലം നിയോജക മണ്ഡലത്തിലെ ആറ് സബ് സെന്ററുകൾ ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെന്ററുകളാക്കി മാറ്റുന്നതിനുള്ള പ്രഖ്യാപനം 2021 ഫെബ്രുവരി 16ന് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഓൺലൈനായി നിർവ്വഹിച്ചിരുന്നു. ഇവയെ കൂടാതെ എറിയാട് പഞ്ചായത്തിലെ മുനയ്ക്കൽ, എടവിലങ്ങ് പഞ്ചായത്തിലെ കാര, കയ്പമംഗലം പഞ്ചായത്തിലെ
വെസ്റ്റ് കയ്പമംഗലം എന്നീ സബ് സെന്ററുകൾ കൂടി ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെന്ററുകളായി മാറാൻ തയ്യാറെടുക്കുന്നുണ്ട്.