ജൂബിലി മന്ദിരം ഉദ്ഘാടനം ജൂലൈ 24ന്.
സുവര്‍ണജൂബിലി നിറവില്‍ കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്.
തൃശ്ശൂർ: അരനൂറ്റാണ്ട് പഴക്കമുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന് ഇനി പുതിയ മുഖം. ആധുനിക രീതിയില്‍ സജ്ജീകരിച്ച ബാങ്കിന്റെ സുവര്‍ണജൂബിലി മന്ദിരം ജൂലായ് 24ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ദേശീയപാതയോട് ചേര്‍ന്ന് നടവരമ്പ് സെന്ററില്‍ ബാങ്കിന്റെ 30 സെന്റ് സ്ഥലത്താണ് മൂന്നു നിലകളിലായി കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്. സംയോജിത സഹകരണ വികസന പദ്ധതി പ്രകാരം നിര്‍മിച്ചിട്ടുള്ള മന്ദിരത്തില്‍ ബാങ്കിന്റെ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ കൂടാതെ നീതി മെഡിക്കല്‍ ഷോപ്പ്, സഹകരണ സൂപ്പര്‍മാര്‍ക്കറ്റായ കോ-ഓപ്പ്മാര്‍ട് ഹോള്‍സെയില്‍ സെക്ഷന്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ കൂടാതെ കേരള ചിക്കന്‍ കൗണ്ടര്‍, ഫിഷ് കൗണ്ടര്‍ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളുമുണ്ട്. രാവിലെ 10:30ന് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും.
1971 ല്‍, 151 സഹകാരികളുമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് ഇന്ന് രണ്ട് ഏക്കര്‍ ഭൂമിയില്‍ ഹെഡ് ഓഫീസുമായി നിലകൊള്ളുന്നു. നടവരമ്പിലും കോലോത്തുംപടിയിലും ശാഖകളും പ്രവര്‍ത്തിക്കുന്നു. പാരമ്പര്യ കാര്‍ഷിക വൃത്തി മുതല്‍ പാരമ്പര്യേതര ഊര്‍ജ്ജോത്പാദനം വരെയുള്ള മേഖലകളില്‍ വലിയ തോതിലുള്ള സാമൂഹിക ഇടപെടലുകളാണ് ബാങ്ക് നടത്തുന്നത്. കേരളത്തില്‍ ഉടനീളം വിതരണം ചെയ്യുന്ന കല്പശ്രീ ബ്രാന്റിലുള്ള വെളിച്ചെണ്ണ 2005 മുതല്‍ ഇവിടെ ഉല്പാദിപ്പിച്ചു വരുന്നു. കേരളത്തിലെ ആദ്യത്തെ നീതി മെഡിക്കല്‍ ഷോപ്പുകളിലൊന്നാണ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ 1998 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന്റെ നീതി മെഡിക്കല്‍ ഷോപ്പ്. ഇരിങ്ങാലക്കുട നടയിലും നടവരമ്പിലും മെഡിക്കല്‍ ഷോപ്പിന്റെ ശാഖകള്‍ വ്യാപിപ്പിച്ചു.
കര്‍ഷരില്‍ നിന്നും കായ, ചക്ക, കപ്പ തുടങ്ങി കാര്‍ഷിക ഉല്പന്നങ്ങള്‍ സ്വീകരിച്ച് അവയെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കുന്നതിനായി ആധുനിക രീതിയിലുള്ള സ്‌നാക്സ് ആന്റ് ബേക്കറി യൂണിറ്റും സുവര്‍ണ ജൂബിലി മന്ദിരത്തോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സഹകരണ ഉല്‍പന്നങ്ങളുടെ വിപണനത്തിനായി തുടങ്ങിയ കോ-ഓപ് മാര്‍ട്ടിന്റെ ആദ്യത്തെ ശാഖ 2020 നവംബര്‍ നാലിന് ബാങ്കിന്റെ കീഴില്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ കോലോത്തുംപടിയിലും മിനി കോ-ഓപ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി. മൂവ്വായിരം ചതുരശ്രഅടിയില്‍ കോ ഓപ് മാര്‍ട്ടിന്റെ റീട്ടെയില്‍ ആന്റ് ഹോള്‍സെയില്‍ ഷോറൂം ഇതേ ദിവസം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. വെളിച്ചെണ്ണയും കൊപ്രയും ഉപയോഗിച്ച് സോപ്പ്, വാഷിംഗ് പൗഡര്‍, ഹാന്റ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ നിര്‍മാണവും വിതരണവും കല്ലംകുന്ന് ഹെഡ് ഓഫീസിനോട് ചേര്‍ന്ന് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ എന്ന പേരില്‍ ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ കര്‍ഷകര്‍ക്ക് സഹായമായി വളം ഡിപ്പോയും ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കര്‍ഷകര്‍ക്കും സഹകാരികള്‍ക്കും തണലായി മാറിയ ഈ സഹകരണ പ്രസ്ഥാനത്തില്‍ 90 ജീവനക്കാര്‍ തൊഴില്‍ ചെയ്യുന്നു. ബാങ്കിങ് പ്രവര്‍ത്തനം വെളൂക്കര വില്ലേജില്‍ മാത്രമാണെങ്കിലും ബാങ്കിന്റെ ഉത്പന്നങ്ങള്‍ കേരളത്തിലുടനീളം വിതരണം ചെയ്യുന്നു. എത്രയും വേഗത്തില്‍ ഉത്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കയറ്റുമതി ചെയ്യുവാനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രന്‍, വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ്, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ മോഹന്‍ മോന്‍ പി ജോസഫ്, പ്രൊജക്റ്റ് മാനേജര്‍ പി ആര്‍ രവിചന്ദ്രന്‍, ബാങ്ക് പ്രസിഡണ്ട് യു പ്രദീപ് മേനോന്‍, സെക്രട്ടറി സി കെ ഗണേഷ് എന്നിവര്‍ പങ്കെടുക്കും.