മന്ത്രി ഇടപെട്ടു; കാഷ്ഠിച്ചതിന്റെ പേരിൽ കിളികൾക്ക് ഇരിപ്പിടം നഷ്ടമാകും
മണലൂർ: യാത്രക്കാരുടെ ദേഹത്തേക്ക് കിളികൾ കാഷ്ഠിക്കുന്നുവെന്ന പരാതിയിൽ മന്ത്രിയുടെ ഇടപെടൽ. തൃശൂരിൽ കാഞ്ഞാണി പെരുമ്പുഴ പാലം വഴി കടന്ന് പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും യാത്ര മുടക്കുന്ന രീതിയിൽ പക്ഷിക്കൂട്ടങ്ങൾ കാഷ്ഠിക്കുന്നതിന് പരിഹാരം തേടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണലൂർ ഏരിയ സെക്രട്ടറി കെ എൽ ജോസ് നൽകിയ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ അടിയന്തിര ഇടപെടൽ.
പ്രശ്നത്തിൽ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചാവക്കാട് റോഡ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറോട് മന്ത്രി നിർദ്ദേശിച്ചു. തുടർന്ന് സോഷ്യൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് കിളികൾ ഇരിക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിന് ലേലം നടത്താനായി വില നിശ്ചയിച്ചു തരണമെന്ന് ആവശ്യപ്പെട്ട് വലപ്പാട് റോഡ് സെക്ഷൻ അസി. എഞ്ചിനീയർ സിജി ഷാജി കത്തയച്ചതോടെ പരാതിയ്ക്ക് പരിഹാരമാകുകയായിരുന്നു.