രാജ്യത്തെ തന്നെ ഏറ്റവും വലിയ കുടുംബരോഗ്യ കേന്ദ്രമായി മാറി കൊണ്ടോട്ടി വാഴക്കാട് കുടുംബരോഗ്യ കേന്ദ്രം.
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന ഖ്യാതി ഇനി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തം. 2018ലെ പ്രളയത്തിൽ തകർന്ന കെട്ടിടം പത്തു കോടി രൂപ ചെലവഴിച്ചാണ് പുനർനിർമിച്ചത്. ഡോ. ഷംസീർ വയലിന്റെ നേതൃത്വത്തിൽ വി പി എസ് ഹെൽത്ത് കെയർ കെട്ടിടം പുനർനിർമിച്ച് സർക്കാരിന് കൈമാറുകയായിരുന്നു. ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 24 ന് നിർവഹിക്കും.
15000 ചതുരശ്രയടി വിസ്തൃതിയുള്ള കുടുംബാരോഗ്യകേന്ദ്രത്തിൽ വിപുലവും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മദ്രാസ് ഐ ഐ ടി യിലെ വിദഗ്ധരാണ് കെട്ടിടത്തിന്റെ ഘടന തയ്യാറാക്കിയത്. തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ആർക്കിടെക്ചർ വിദ്യാർഥികളാണ് കെട്ടിടം രൂപകൽപന ചെയ്തത്.
എമർജൻസി റൂം, മിനി ഓപ്പറേഷൻ തിയേറ്റർ, അത്യാധുനിക ലബോറട്ടറി, ഇമേജിങ്ങ് വിഭാഗം, കൺസൾട്ടിങ് റൂമുകൾ, നഴ്സിങ് സ്റ്റേഷൻ, മെഡിക്കൽ സ്റ്റോർ, വാക്സിൻ സ്റ്റോർ, സാമ്പിൾ കളക്ഷൻ സെന്റർ, വിഷൻ ആന്റ് ഡെന്റൽ ക്ലിനിക്, അമ്മമാർക്കും ഗർഭിണികൾക്കുമായുള്ള പ്രത്യേക മേഖലകൾ തുടങ്ങി ആധുനിക സൗകര്യങ്ങൾ ആരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
മികച്ച സംവിധാനങ്ങളോടെയുള്ള കോൺഫറൻസ് ഹാൾ, ഓപ്പൺ ജിംനേഷ്യം, കുട്ടികൾക്കു വേണ്ടിയുള്ള കളിസ്ഥലം, ഭിന്നശേഷിക്കാർക്ക് ആവശ്യമായ ലിഫ്റ്റ് റാമ്പ് സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസൻട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.