ഓണവിപണി കീഴടക്കി തൃശൂർ കുടുംബശ്രീ; രണ്ടേമുക്കാൽ കോടിയോളം വരവുമായി സംസ്ഥാനത്ത് രണ്ടാമത്

ഓണവിപണി കീഴടക്കി ജില്ലയിലെ കുടുംബശ്രീയുടെ ഓണം വിപണന മേളകൾ. ജില്ലയിൽ "ഒന്നായ് ഓണം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം" എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീയുടെ നേതൃത്വത്തിൽ 103 ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്. ആകെ 2,63,77,250 രൂപയുടെ വിറ്റുവരവ് ഉണ്ടായി. 3020 സംരംഭക ഗ്രൂപ്പുകളും 1530 ജെ എൽ ജി ഗ്രൂപ്പുകളും മേളയിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് തലത്തിൽ 88 ഓണചന്തകളും നഗരസഭാ തലയിൽ 14 ചന്തകളും ഒരു ജില്ലാതല ഓണ ചന്തയുമാണ് ഒരുക്കിയത്. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിച്ച വിവിധ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർദ്ധിത ഉത്പന്നങ്ങളുമാണ് ഓണവിപണന മേളകളിലൂടെ ഉപഭോക്താക്കളിൽ എത്തിച്ചത്.

പൂകൃഷിയിൽ 100 സംഘങ്ങൾ 186.37 ഏക്കറിൽ കൃഷിയിറക്കി തൃശൂർ ജില്ല സംസ്ഥാനത്ത് ഒന്നാമതായി. പൂക്കൾ വിൽക്കുന്ന സ്റ്റാളുകളും കുടുംബശ്രീ അംഗങ്ങളും ബാലസഭ കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും പായസ മേളയും കുടുംബശ്രീ വിപണന മേളകളെ ശ്രദ്ധേയമാക്കി. വിലക്കയറ്റം തടയാൻ സഹായിച്ച സർക്കാരിന്റെ വിപണി ഇടപെടലിൽ ജില്ലയിലെ കുടുംബശ്രീ ശ്രദ്ധേയമായ പങ്കു വഹിച്ചതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എ കവിത പറഞ്ഞു.

Related Posts