'അമൃതം കര്‍ക്കിടകം' കുടുംബശ്രീ ആരോഗ്യ ഭക്ഷ്യമേള ആരംഭിച്ചു.
തൃശ്ശൂർ: കുടുംബശ്രീയുടെ 'അമൃതം കര്‍ക്കിടകം' ആരോഗ്യ ഭക്ഷ്യ മേള ആരംഭിച്ചു. പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ ഭക്ഷ്യമേള നടത്തുന്നത്. കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ വിവിധതരം ഔഷധകഞ്ഞിയും പത്തില കറികളും ഉള്‍ക്കൊള്ളിച്ചുള്ള 'അമൃതം കര്‍ക്കിടകം'പരിപാടി തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേളയില്‍ വിവിധതരം ഔഷധ കഞ്ഞികള്‍ക്ക് പുറമെ ശരീരപുഷ്ടിക്ക് ആവശ്യമായ മരുന്നുണ്ടയും പാഴ്‌സലായി ലഭ്യമാണ്. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്‍ നന്ദിയും പറഞ്ഞു. അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ് സി, ഐഫ്രം സി ഇ ഒ. അജയ്കുമാർ, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടപ്പിലാക്കുന്ന മേള ജൂലൈ 22 മുതല്‍ 30 വരെ കലക്‌ട്രേറ്റില്‍ ബാര്‍ അസോസിയേഷന്‍ ഹാളിന് സമീപം നടക്കും.