ജില്ലയിലെ ആദ്യകുടുംബശ്രീ ഷോപ്പി കടവല്ലൂര്‍ പഞ്ചായത്തില്‍ തുടങ്ങി.

കടവല്ലൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി ആരംഭിച്ച വിപണന കേന്ദ്രമായ കുടുംബശ്രീ ഷോപ്പിയുടെ ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ് കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലാണ് കുടുംബശ്രീ ഷോപ്പി പ്രവര്‍ത്തനം ആരംഭിച്ചത്. കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പുറമേ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കുന്ന ഉല്‍പന്നങ്ങളും ഇവിടെ നിന്ന് വാങ്ങാം. ആഴ്ചയില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ കുടുംബശ്രീ ഷോപ്പി തുറന്നു പ്രവര്‍ത്തിക്കും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന വെളിച്ചെണ്ണ, വറവ് ഉല്‍പ്പന്നങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, നിലം തുടയ്ക്കുന്ന സുഗന്ധ ഓയിലുകള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ ഉല്‍പന്നങ്ങളായ കുട്ട, മുറം, തവി, ചട്ടിചെടികള്‍ തുടങ്ങി നിത്യോപയോഗത്തിന് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്.
കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു സ്ഥിര വിപണി ഒരുക്കുന്നതിനായി കുടുംബശ്രീ ഷോപ്പീ എന്ന പേരില്‍ 'നല്ലതും നാടനും' എന്ന ടാഗ് ലൈനോട് കൂടി സംസ്ഥാനത്തുടനീളം ഒരേ മാതൃകയില്‍ ഔട്ട്‌ലെറ്റുകളുടെ ഒരു ബ്രാന്റ് എത്തിക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഔട്ട്‌ലെറ്റിന്റെ നടത്തിപ്പിലേക്കായി 5 ലക്ഷം രൂപയാണ് കുടുബശ്രീ ജില്ലാ മിഷന്‍ നല്‍കുന്നത്.

കടവല്ലൂര്‍ പഞ്ചായത്തിന് പുറമേ ജില്ലയില്‍ എരുമപ്പെട്ടി, കൊടകര, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാവക്കാട്, കൊണ്ടാഴി, നടത്തറ എന്നീ പഞ്ചായത്തുകളിലും കുടുബശ്രീ ഷോപ്പി ഉടന്‍ ആരംഭിക്കുമെന്ന്ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ അറിയിച്ചു.

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശീ ഷോപ്പിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രന്‍ നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശാന്തിനി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്‍, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍എന്നിവര്‍ സന്നിഹിതരായി. പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍ സ്വാഗതവും മെമ്പര്‍ സെക്രട്ടറി മിനി തോമസ് നന്ദിയും പറഞ്ഞു.

Related Posts