ഉദ്ഘാടനം വ്യാഴാഴ്ച മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും.
കുന്നംകുളത്ത് ഹൈടെക് പന്നിവളർത്തൽ - പ്രജനന കേന്ദ്രം.
കുന്നംകുളം: ഗുണമേന്മയുള്ള മാംസാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുന്നംകുളത്ത് സജ്ജമാക്കിയിട്ടുള്ള ഹൈടെക് പന്നിവളർത്തൽ കേന്ദ്രം ജില്ലയിലെ മൃഗസംരക്ഷണ മേഖലയ്ക്ക് നേട്ടമാവുന്നു. മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി വ്യാഴാഴ്ച ഓൺലൈനായി ഹൈടെക് പന്നി വളർത്തൽ കേന്ദ്രം ഉദ്ഘാടനം ചെയ്യും.
ഗുണമേന്മയുള്ള മാംസാഹാരം ഉറപ്പുവരുത്താനായി അത്യാധുനിക സൗകര്യത്തോടെ മേൽത്തരം പന്നിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യാനും ഈ കേന്ദ്രത്തിലൂടെ സാധിക്കും. മാംസാഹാര ഉപഭോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ താരതമ്യേന ലാഭകരമായ സംരംഭകത്വം എന്ന നിലയിൽ പന്നി പരിപാലനത്തിൻ്റെ അനന്ത സാധ്യതകൾ മുൻനിർത്തിയാണ് സർക്കാരിൻ്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കുന്നംകുളത്തെ ഹൈടെക് പന്നിവളർത്തൽ കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്.
സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻ്റെ പദ്ധതി വിഹിതമായ 23.5 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2018-19 പരിപാടിയിൽ ഉൾപ്പെടുത്തിയ 42.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഹൈടെക് പന്നിവളർത്തൽ കേന്ദ്രത്തിൻ്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
കേന്ദ്രത്തിൽ ഹൈൈടെക് സൗകര്യങ്ങൾ ഏർപ്പെടുത്തിയതിൻ്റെ ഭാഗമായി എഫ് ആർ ബി ഫ്ലോർ റണ്ണർ സൗകര്യയത്തോടെ 25 പന്നി ഗർഭകാല പരിരക്ഷ സ്റ്റാളുകൾ, 10 പ്രസവകൂടുകൾ, 4 പിഗ്ഗ് ലെറ്റ് വീനിങ്ങ് ബോക്സ്, പ്രജനനത്തിന് ഉപയോഗിക്കുന്ന ആൺ പന്നികൾക്കുള്ള 2 ഷെഡ്ഡുകൾ, ഷെഡ്ഡിലെ താപ ക്രമീകരണത്തിനുള്ള മിസ് ഫോഗിങ് രീതി, വായു സഞ്ചാരം ഉറപ്പു വരുത്തുന്നതിനുള്ള 5 ടർബോ വെൻ്റിലേറ്റർ, ജൈവ മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാൻ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ നിന്ന് ഗുണമേന്മയുള്ള പന്നിക്കുഞ്ഞുങ്ങളെ സർക്കാർ നിരക്കിലാണ് വിതരണം ചെയ്യുക. പന്നിവളർത്തലിൽ തൽപരരായ കർഷകർക്ക് പരിപാലന രീതിയെ കുറിച്ച് ശാസ്ത്രീയ അവബോധവും ഈ ഹൈടെക് കേന്ദ്രത്തിൽ നിന്നു നൽകും. ശാസ്ത്രീയ രോഗ പ്രതിരോധ മാർഗങ്ങൾ, രോഗ നിർണയ രീതികൾ, ആധുനിക ചികിത്സ എന്നിവയും ഇവിടെ നിന്നു ലഭിക്കും. ഫാമിൽ തന്നെ ഉല്പാദിപ്പിക്കുന്ന തീറ്റപ്പുല്ലുകളാണ് പന്നികൾക്ക് നൽകുന്നത്. കൂടാതെ കർഷകർക്ക് ഇവിടെ നിന്നും സർക്കാർ നിരക്കിൽ തീറ്റപ്പുല്ല് നൽകുന്നുണ്ട്. ബയോഗ്യാസ് പ്ലാൻ്റിൽ ഉല്പാദിപ്പിക്കുന്ന ജൈവവളവും കർഷകർക്ക് ഇവിടെ നിന്ന് സർക്കാർ നിരക്കിൽ വാങ്ങാം.
വിവിധ പ്രായത്തിലുള്ള 141 പന്നികളാണ് ഇവിടെയുള്ള മൃഗ സമ്പത്ത്. ഫീൽഡ് ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അടക്കമുള്ള ജീവനക്കാരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പ് 1964 ലാണ് കുന്നംകുളത്ത് പന്നിവളർത്തൽ - പ്രജനന കേന്ദ്രം ആരംഭിച്ചത്. തുടക്കത്തിൽ 10 പന്നിക്കുഞ്ഞുങ്ങളെ വളർത്താനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 1995 ൽ ഈ കേന്ദ്രം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.