ഭൂവുടമകൾക്ക് റെക്കോർഡുകൾ പരിശോധിക്കാൻ അവസരം.

കുന്നംകുളം:

കുന്നംകുളം താലൂക്കിലെ കിരാലൂർ വില്ലേജിലെ എല്ലാ ഭൂവുടമകളുടെയും ഭൂമിയുടെ അതിരുകൾ തിട്ടപ്പെടുത്തുകയും പേര്, വിസ്തീർണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസർവേ റെക്കോർഡുകൾ വേലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് വടക്കാഞ്ചേരി റെയ്ഞ്ച് സൂപ്രണ്ട് ഓഫീസ് അറിയിച്ചു. 

ബന്ധപ്പെട്ടവർക്ക് പ്രസ്തുത റെക്കോർഡുകൾ അതിനു ചുമതലപ്പെടുത്തിയിട്ടുള്ള സർവേ ഉദ്യോഗസ്ഥൻ്റെ സഹായത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിക്കാവുന്നതും അതിൻമേൽ എന്തെങ്കിലും അപ്പീലുകൾ ഉള്ളപക്ഷം 30 ദിവസത്തിനകം തൃശൂർ സർവേ ( റെയ്ഞ്ച്) അസിസ്റ്റൻ്റ് ഡയറക്ടർക്ക് നിശ്ചിത ഫോറത്തിൽ സമർപ്പിക്കാം. 

റെക്കോർഡുകൾ പരിശോധിക്കാൻ പോകുന്നവർ ബന്ധപ്പെട്ട ഭൂമിയിലുള്ള അവകാശം കാണിക്കുന്ന റെക്കോർഡുകൾ കൈയിൽ കരുതണം. നിശ്ചിത ദിവസത്തിനകം റെക്കോർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീ സർവേ റെക്കോർഡുകളിൽ കാണിച്ചിട്ടുള്ള ഭൂവുടമകളുടെ പേര്, ഭൂമിയുടെ അതിർത്തി, വിസ്തീർണം എന്നിവ അന്തിമമായി പരിഗണിച്ച് സർവേ അതിരടയാള നിയമം അനുസരിച്ച് അന്തിമ വിജ്ഞാപനം പരസ്യപ്പെടുത്തും. 

സർവേ സമയത്ത് തർക്കം ഉന്നയിച്ച് തീരുമാനം എടുത്ത് സർവേ അതിരടയാള നിയമപ്രകാരം തീരുമാനമറിയിച്ചിട്ടുള്ള ഭൂവുടമകൾക്ക് ഈ അറിയിപ്പ് ബാധകമല്ലെന്നും വടക്കാഞ്ചേരി റെയ്ഞ്ച് സൂപ്രണ്ട് ഓഫീസ് അറിയിച്ചു. 

Related Posts