വഴിയാത്രക്കാര്‍ വലയണ്ട, മറ്റത്തൂരില്‍ 'വഴിയിടം' ഒരുങ്ങി
മറ്റത്തൂർ: വഴിയാത്രക്കാര്‍ക്കായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 'വഴിയിടം' ഒരുങ്ങി. സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തീകരിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 2) രാവിലെ 10 മണിക്ക് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിക്കും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
പൊതുഇടങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇടമില്ലെന്ന വലിയ പ്രശ്‌നത്തിന് പരിഹാരമായാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കോടാലി സെന്ററില്‍ ടോയ്ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിച്ചിട്ടുള്ളത്. കോടാലി ഇഞ്ചക്കുണ്ട് റോഡില്‍നിന്ന് പഞ്ചായത്ത് ഗ്രൗണ്ട് വരെയുള്ള 2402 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ശുചിമുറികള്‍ സജ്ജമാക്കിയിരിക്കുന്നത്. കോംപ്ലക്‌സില്‍ വനിതകള്‍ക്ക് വിശ്രമ കേന്ദ്രവും, 3 ടോയ്ലറ്റുകളും, പുരുഷന്മാര്‍ക്ക് 6 യൂറിനലും 6 ടോയ്ലറ്റുകളും ഉള്‍പ്പെടുന്നു. കൂടാതെ ദേഹശുദ്ധി വരുത്തുന്നതിന് ഷവര്‍ ഏരിയയും ഒരുക്കിയിട്ടുണ്ട്. ശുചിമുറികളില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌ട്രോയര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, അജൈവ മാലിന്യ സംസ്‌കരണ സംവിധാനം, സംഭരണ സംവിധാനം, അണുനാശിനി സംവിധാനം തുടങ്ങിയവയും സജ്ജമാക്കും. വിശ്രമകേന്ദ്രത്തോട് ചേര്‍ന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഫി ഷോപ്പ് ഒരുക്കും. കോംപ്ലക്‌സിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടല്‍ ദൂരയാത്ര ചെയ്യുന്നവര്‍ക്ക് പ്രയോജനപ്പെടും. സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്കായി ക്ലോക്ക് റൂം സൗകര്യവും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പറഞ്ഞു.
കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുങ്ങുന്നത്. സമ്പൂര്‍ണ സൂചിത്വം ഉറപ്പാക്കാന്‍ ശുചിമുറികളുടെ പരിപാലനം കുടുംബശ്രീ മുഖേന നിര്‍വഹിക്കും. സര്‍ക്കാരിന്റെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.