കണ്ണിന് ഇമ്പമേകി സഹസ്രദളപത്മം നാട്ടികയിലും.

നാട്ടിക: പുരാണങ്ങളിലൂടെ കേട്ടറിവുള്ള അപൂർവമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം നാട്ടികയിലും. നാട്ടിക സ്വദേശി അബ്ദുൾ റഹ്മാൻ മാസ്റ്ററുടെ മകൻ സാദിക്കലിയുടെ വീട്ടിലാണ് കണ്ണിന് ഇമ്പമേകി സഹസ്രദള പത്മം വിരിഞ്ഞത്. സാദിക്കലിയുടെ ഭാര്യ ഫാത്തിമ സബ്ജയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. സോഗ് ഷാൻ ഹോങ് ടായ് എന്ന ചൈനീസ് വെറൈറ്റിയിലുള്ള ആയിരം ഇതളുള്ള താമരയാണ് വിരിഞ്ഞത്.

പ്രവാസജീവിതം അവസാനിപ്പിച്ചു 2020 ലാണ് സാദിക്കലിയും കുടുംബവും നാട്ടിൽ താമസമാക്കിയത്. ചെറുപ്പം മുതൽ തന്നെ ചെടികളോട് താല്പര്യമുള്ള സബ്ജയ്ക്ക് ഭർത്താവിന്റെയും മക്കളുടെയും കുടുബത്തിന്റെയും പൂർണ പിൻതുണയുമുണ്ട്. 50ൽ പരം താമരകളും, 25 ൽപരം ആമ്പലുകളും ഇവരുടെ ശേഖരത്തിൽ ഉണ്ട്.

പിങ്ക് ആപ്പിൾ, ഗ്രീൻ ആപ്പിൾ, വൈറ്റ് പിയോണി, ബുച്ച, മിറക്കിൾ,സുബി, വൈറ്റ് പഫ്, എന്നിങ്ങനെ ഒരുപാട് പൂ വിരിയുന്ന വെറൈറ്റി താമരകളാണ് സബ്ജയുടെ കൈവശമുള്ളത്. 25 തരം ആമ്പലുകളിൽ എന്നും പൂ തരുന്ന വെറൈറ്റികൾ ആണ് കൂടുതൽ.

താമരയുടെ പരിചരണം അധികം ബുദ്ധിമുട്ടേറിയതല്ലെങ്കിലും നന്നായി ശ്രദ്ധിക്കണം. ഒച്ച് ആണ് ഇതിന്റെ മുഖ്യ ശത്രു. അടിയിൽ ഉണക്കിയ ചാണകപ്പൊടി ആണ് ചേർക്കുന്നത്. അതിനു മുകളിലായി സാധാരണ മണൽ ഇടണം. ട്യൂബർ നടുന്ന തൈകളിലാണ് പെട്ടെന്ന് പൂ വരുന്നത്. ട്യൂബർ നട്ടു ഏകദേശം 2 മാസത്തിനുള്ളിൽ പൂ വിരിയും.

താമരകളും ആമ്പലുകളും കൂടാതെ 500 മുതൽ 5000 വരെ വിലയുള്ള നിരവധി ചെടികളും സബ്ജയുടെ ശേഖരത്തിലുണ്ട്. കൊവിഡ് ലോക്ഡൗൺ കാലത്ത് ഓൺലൈനിലൂടെയും മറ്റുമാണ് ചെടികൾ ശേഖരിച്ചിരുന്നത്. പുതിയ ഹൈബ്രിഡ് വെറൈറ്റികൾ പലതും കേരളത്തിന്‌ പുറത്തു നിന്നാണ് വരുന്നത്. ആവശ്യക്കാർക്ക് ഓൺലൈനിലൂടെയും അല്ലാതെയും ചെടികൾ വാങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Related Posts