മയില്‍ പറന്നുവന്ന് നവദമ്പതിമാർ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു.
തൃശ്ശൂർ: ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ മയിൽ പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു. പുന്നയൂർക്കുളം പീടികപ്പറമ്പിൽ മോഹനന്റെ മകൻ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണ (26)യ്ക്കും മറ്റൊരു ബൈക്ക് യാത്രക്കാരനായ ധനേഷിനും (37) പരിക്കേറ്റു. തൃശൂർ അയ്യന്തോൾ-പുഴക്കൽ റോഡിൽ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മയിൽ ചത്തു.
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയിൽ പ്രമോസിന്റെ നെഞ്ചിൽ വന്നിടിച്ചതോടെ നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ മതിലിൽ ചെന്നിടിച്ച് മറിയുകയായിരുന്നു.
ഇതിനിടെ മറ്റൊരു ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവിൽക്കര വടക്കൻ വീട്ടിൽ മോഹനന്റെ മകൻ ധനേഷിനും പരിക്കേറ്റു. ധനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണയുടെയും ധനേഷിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തൃശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രമോസ്. തൃശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ് വീണ. നാല് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.
മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തൃശൂർ വെസ്റ്റ് സി ഐയുടേയും എസ് ഐയുടേയും നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു.