പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു പീച്ചി അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ രണ്ട് ഇഞ്ചു വീതം തുറന്നു. ജലനിരപ്പ് 76.55 മീറ്ററായി ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ നീരൊഴുക്ക് വര്‍ധിച്ചിരുന്നു. റിസര്‍വ്വോയറിലെ ജലവിതാനം അപ്പര്‍ റൂള്‍ കര്‍വായ 76.65 മീറ്റര്‍ മറികടന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. 2018 ലെ പ്രളയത്തിനുശേഷമാണ് ഒരു മാസം അണക്കെട്ടില്‍ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരമാവധി ജലനിരപ്പായ അപ്പര്‍ റൂള്‍ കര്‍വ് നിശ്ചയിച്ചത്. ഷട്ടറുകള്‍ തുറന്നതിനാല്‍ കരുവന്നൂര്‍, മണലി പുഴകളുടെ ഇരു കരയിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയില്‍ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രന്‍, ജില്ല പഞ്ചായത്തംഗം കെ വി സജു, വാര്‍ഡ് മെമ്പര്‍ ബാബു തോമസ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി റഫീക്ക ബീവി, അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ എസ് ഗീത, അസി എഞ്ചിനീയര്‍ എ നവനീത് എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

Related Posts