ഒരു കോടി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറി.
തൃശൂർ: സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു കോടി ഫല വൃക്ഷ തൈകള്‍ നടുവളര്‍ത്തല്‍ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ഒരു പ്രധാന പദ്ധതിയാണ്. 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും പൊതു സ്ഥലങ്ങളില്‍ വെച്ചുപിടിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷമിടുന്നത്. ജില്ലയില്‍ ഈ പദ്ധതിക്ക് ആവശ്യമായ തൈകള്‍ ഉല്‍പാദിപ്പിക്കുന്നത് കുടുബശ്രീയുടെ നേതൃത്വത്തില്‍ ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറിയിലാണ്.
സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്ത് നിന്ന് കൊണ്ടുവന്ന് നട്ട് പിടിപ്പിച്ച് വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗങ്ങള്‍, പ്ലാവ്, മാവ്, മാതളം, ഫാഷന്‍ ഫ്രൂട്ട്, സപ്പോര്‍ട്ട, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പില, വാളന്‍പുളി, കൊടംപുളി, റമ്പൂട്ടന്‍, കടച്ചക്ക, മാംഗോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, നേത്രവാഴ, ഞാലിപ്പൂവന്‍ വാഴ തുടങ്ങിയ 21 ഇനം ഫലവര്‍ഗങ്ങളാണ് നഴ്‌സറിയില്‍ ഉല്‍പാദിപ്പിക്കുന്നത്. മാടക്കത്തറ, നടത്തറ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറികളിലാണ് തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നത്. ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറികളില്‍ നട്ടുവളര്‍ത്തിയ തൈകള്‍ തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് കൃഷി ഓഫീസറുടെ മേല്‍ നോട്ടത്തില്‍ വിതരണം ചെയ്യും.
ഒരു കോടി ഫല വൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതി രണ്ട് ഘട്ടങ്ങളിലാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ പപ്പായ, മുരിങ്ങ, വാളന്‍പുളി, പ്ലാവ് തുടങ്ങിയവയുടെ 11438 തൈകള്‍ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികളില്‍ നിന്ന് വിതരണം ചെയ്തു. ഒല്ലൂക്കര ബ്ലോക്കിലെ നടത്തറ, പുത്തൂര്‍, മാടക്കത്തറ, പാണഞ്ചേരി തുടങ്ങി നാല് കൃഷിഭവനുകളിലേക്കും വില്‍വട്ടം കൃഷിഭവനിലേക്കും 7143 തൈകള്‍ ജൂലൈ മാസത്തില്‍ നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികള്‍ മുഖേന മൂന്ന് ഘട്ടങ്ങളിലായി തൈകള്‍ വിതരണം ചെയ്യനാണ് ലക്ഷ്യമിടുന്നത്.