നാട്ടുചന്തയ്ക്ക് തുടക്കമിട്ട് പൂക്കോട് കൃഷിഭവൻ
പ്രാദേശികമായ കാർഷിക വിഭവങ്ങൾ കൈമാറ്റം ചെയ്യുന്ന കർഷകരുടെ സ്വതന്ത്ര വിപണി 'പൂക്കോട് നാട്ടുചന്ത' ആരംഭിച്ചു. കർഷകർക്ക് ന്യായവില ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുമായി സ്വതന്ത്ര വിപണി എന്നതാണ് പൂക്കോട് നാട്ടുചന്തയുടെ ലക്ഷ്യം. നാട്ടുചന്തയുടെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ എം പി അനിഷ്മ നിർവഹിച്ചു.
തമ്പുരാൻപടിയിൽ കോട്ടപ്പടി സഹകരണബാങ്ക് സെന്ററിൽ വെച്ചാണ് നാട്ടുചന്ത വിപണനം നടക്കുന്നത്. എല്ലാ വ്യാഴാഴ്ചയും രാവിലെ പത്തുമണി മുതൽ വൈകീട്ട് നാലുവരെ ആഴ്ചചന്ത പ്രവർത്തിക്കും. നാട്ടുചന്തയിൽ പഴം പച്ചക്കറി ഇനങ്ങൾ, നാട്ടു വിഭവങ്ങൾ, കർഷക സ്വാശ്രയ ഗ്രൂപ്പുകളുടെ മൂല്യവർദ്ദിത ഉൽപന്നങ്ങൾ, നടീൽ വസ്തുക്കൾ, നാടൻ വിത്ത് എന്നിവ ന്യായവിലയ്ക്ക് ലഭിക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നതിനൊപ്പം നാട്ടുകാർക്ക് ജൈവ ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നു എന്നതും നാട്ടുചന്തയുടെ മേന്മയാണെന്ന് പൂക്കോട് കൃഷി ഓഫീസർ പറഞ്ഞു.
നാടൻ കായ, വാഴ കുടപ്പൻ, മുരിങ്ങയില, വെച്ചൂർ പശുവിന്റെ മോര്, ഇഞ്ചി, വേങ്ങേരി വഴുതിന, ചെങ്ങാലിനേന്ത്രൻ, താമര വെണ്ടയും വിത്തും, നെല്ല്, ഉമി, ഇഞ്ചി, കറ്റാർവാഴ, ഉണ്ണിപ്പിണ്ടി, പപ്പായ, വെള്ളരി, മത്തൻ, കുമ്പളം, വാഴക്കന്ന്, നീളൻപയർ, വെണ്ട, കുടംപുളി, വാളരിപ്പയർ, മീറ്റർ പയർ, കുന്നൻ കായ, തുടങ്ങിയ ഇനങ്ങൾ, പച്ചക്കറി വിത്ത്, വളം എന്നിവ വ്യാഴാഴ്ച ആഴ്ചചന്തയിൽ വിപണനം ചെയ്തു.
നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈലജ സുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ ബിബിത മോഹനൻ, സുഹറ ഹംസമോൻ, ജീഷ്മ സുജിത്ത്, ദീപാ ബാബു, പി വി വിൻസെൻ്റ്, കൃഷി ഓഫീസർ കെ ഗംഗാദത്തൻ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.