തൃശൂർ പൂര ലഹരിയിൽ: ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
രണ്ട് വർഷമായി കാത്തിരിക്കുന്ന തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾക്ക് തുടക്കമായി. വടക്കുനാഥ ക്ഷേത്രത്തിലേക്ക് ഘടകപൂരങ്ങൾ എത്തി തുടങ്ങി. ചിട്ടയും മുറയും തെറ്റാതെ ആദ്യം കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ കടന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ പുറത്തിറങ്ങി. ശ്രീമൂലസ്ഥാനത്ത് എട്ട് ആനകളുടെ അകമ്പടിയോടെ മേളം തീർത്ത് മണികണ്ഠനാൽ വഴി കുളശേരി ക്ഷേത്രത്തിലേക്ക് മടങ്ങി. ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടക പൂരങ്ങൾ വടക്കുനാഥ ക്ഷേത്രത്തിൽ എത്തും. ഓരോ ഘടക പൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറും. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് എഴുന്നെള്ളിപ്പും തുടങ്ങി. പതിനൊന്നരയോടെ പഞ്ചവാദ്യത്തോടെ മഠത്തിൽ നിന്നും തിരിച്ചെഴുന്നെള്ളും. പന്ത്രണ്ടോടെ പാറമേക്കാവിലെ എഴുന്നളളിപ്പിനുള്ള തുടക്കമാകും 15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയായി പുറത്തേക്കിറങ്ങും. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിൻ്റെ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുളള തെക്കോട്ടിറക്കം. കോർപറേഷന് മുന്നിലെ രാജാവിൻറെ പ്രതിമ വലംവെച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊളളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. അഞ്ചരയോടെയാണ് എണ്ണാനാവാത്ത വിധം സാക്ഷിയാകുന്ന ഇരുഭഗവതിമാരുടേയും കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. പുലർകാലം മുതൽ ഘടകപൂരങ്ങളുടെ വരവാണ്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് പൂരനഗരിയിൽ ആദ്യമെത്തുക. കണിമംഗലം എഴുന്നള്ളിപ്പ് തെക്കേ ഗോപുരം വഴിയാണ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്യായനീ ദേവി, ചൂരക്കോട്ടുകാവ് ദുർഗാദേവി, അയ്യന്തോൾ കാർത്യായനീ ദേവി, കുറ്റൂർ നെയ്‌തലക്കാവ് ഭഗവതി എന്നീ അഞ്ച് ദേശക്കാർ പടിഞ്ഞാറേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴിയാണ് ഇറങ്ങുക. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശ്രീധർമ ശാസ്‌താവും ചെമ്പൂക്കാവ് കാർത്യായനി ഭഗവതിയും കിഴക്കേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങും.