മഴമൂലം മാറ്റിവെച്ച പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിക്ക്
ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി തൃശ്ശൂർ ജില്ലാ കലക്ടര്‍ അറിയിച്ചു. പകല്‍പൂരവും അനുബന്ധ ചടങ്ങുകളും പതിവ് പോലെ നടക്കുമെന്നും കലക്ടർ വ്യക്തമാക്കി.
കനത്ത മഴയെ തുടർന്നാണ് ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്.
ഇന്നത്തെ കലാവസ്ഥ വിലയിരുത്തി വെടിക്കെട്ടിന് പുതിയ സമയം നിശ്ചയിക്കുമെന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. ഇരു ദേവസ്വങ്ങളും നടത്തിയ അടിയന്തിര യോഗത്തിലാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനമായത്. ഇന്നലെ കുടമാറ്റം നടത്തിയ സമയത്തും മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെച്ചത്.
വെടിക്കെട്ട് കാണുന്നതിന് സ്വരാജ് റൗണ്ടിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും ഇന്നലെ നടത്തിയ ചർച്ചയിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണുന്നതിനുളള അവസരം നൽകിയിരുന്നു. സ്വരാജ് റൗണ്ടിലുളള ബലക്ഷയമുളള 144 കെട്ടിടങ്ങളിൽ കയറരുതെന്ന നിർദേശവുമുണ്ടായിരുന്നു.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റിനെ സാന്നിധ്യമാണ് കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ലഭിക്കാൻ കാരണമായത്.