തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: പൊലീസ് മുന്നൊരുക്കങ്ങളായി
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 28ന് വെള്ളിയാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല. ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും സ്വരാജ് റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നും നിയമാനുസൃത അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കൂ.
സാമ്പിൾ വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ളതും നിർമ്മാണാവസ്ഥയിലുള്ളതും കൈവരികളും കോണിപ്പടികളും ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കാണികൾ കയറുന്നതു നിരോധിച്ചു.
വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങൾ, റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി പാർക്കുചെയ്യേണ്ടതാണ്. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാർക്കിങ്ങ് ഗ്രൌണ്ടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പോലീസ് സേവനവും ലഭ്യമാണ്. പൊതുജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണം. നിയമലംഘനം നടത്തി അലക്ഷ്യമായി വാഹനങ്ങൾ പാർക്ക്ചെയ്യുന്ന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
സാമ്പിൾ വെടിക്കെട്ട് ദിവസം സ്വരാജ് റൌണ്ടിനു പുറത്തുള്ള സ്ഥലങ്ങളിൽ ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി അസി. കമ്മീഷണറുടെ കീഴിൽ ആറ് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏർപ്പെടുത്തും. ജനക്കൂട്ടത്തിനിടയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ, മോഷണം, പോക്കറ്റടി, പിടിച്ചുപറി എന്നിവ ഇല്ലാതാക്കാൻ ഷാഡോ പോലീസിനേയും, പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരേയും, വനിതാ പോലീസുദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
ജനങ്ങൾ കൂടുന്ന പ്രധാന സ്ഥലങ്ങളും, പൂരം എക്സിബിഷൻ, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കുന്നതിനും പൊതുജനങ്ങൾക്ക് കൃത്യമായ അറിയിപ്പുകൾ നൽകുന്നതിനും മൈക്ക് അനൌൺസ്മെന്റ് സംവിധാനം ഏർപ്പെടുത്തി. ഇതിലൂടെ നഗരത്തിലെ ഭൂരിഭാഗം സ്ഥലത്തേക്കും സന്ദേശങ്ങൾ നൽകാൻ കഴിയും. ജനങ്ങൾക്ക് നൽകുന്ന അറിയിപ്പുകൾ മനസ്സിലാക്കി നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. തൃശൂർ സിറ്റി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങൾ വഴി പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകുന്നുണ്ട്.
തൃശൂർ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയ്യറ്ററിനു സമീപമുള്ള ചെമ്പോട്ടിൽ ലൈൻ എമർജൻസി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ഈ റോഡിൽ വാഹനങ്ങൾ ഉൾപ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകുവാൻ പാടുള്ളതല്ല.
പൂരം സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം പ്രദർശനം, തൃശൂർ പൂരം എന്നീ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നതിനുവേണ്ടി തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ എമർജൻസി ടീമിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആംബുലൻസ് സർവ്വീസുകളും ലഭ്യമാണ്. ഏതു അടിയന്തിര സാഹചര്യത്തേയും നേരിടുന്നതിനുവേണ്ടി സജ്ജമായിരിക്കാൻ നഗരത്തിലെ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്വരാജ് റൌണ്ടിൽ തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന പ്രദേശത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മൂന്ന് പെട്രോൾ ബങ്കുകളിൽ വെടിക്കെട്ട് നടക്കുന്ന ദിവസങ്ങളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കുവാൻ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.