വാതിൽപ്പടി സേവനവുമായി കൊടകര ഗ്രാമപഞ്ചായത്ത്.
കൊടകര: കൊവിഡ് കാലത്തെ വിവിധ അപേക്ഷ സമർപ്പണങ്ങൾ, മസ്റ്ററിങ് എന്നിവയ്ക്ക് കൊടകര ഗ്രാമപഞ്ചായത്തിൽ പ്രത്യേക സൗകര്യമൊരുങ്ങുന്നു. ഇതിനായി പ്രത്യേകം സജ്ജമാക്കിയ സന്നദ്ധസേവാ സംഘം മുഖേന വാതിൽപടി സേവനമാണ് ഉറപ്പുവരുത്തുന്നത്.
പ്രായാധിക്യം, ഗുരുതര രോഗം, അതി ദാരിദ്ര്യം തുടങ്ങി പലവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്ക് ഈ പദ്ധതി ഏറെ സഹായകരമാകും. കൂടാതെ അറിവില്ലായ്മയും മറ്റു നിസ്സഹായാവസ്ഥകളും മൂലം സർക്കാർ സേവനങ്ങൾ ലഭിക്കാത്തവർക്കും ഈ പദ്ധതിയുടെ ഗുണഫലം നേടാം. കൂടുതൽ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി സേവനങ്ങൾ ഇവരിലേക്ക് എത്തിച്ചേരേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് മറ്റു സേവനദാതാക്കളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി കൂടുതൽ സേവനമേഖലകൾ ഉൾപ്പെടുത്തി സാമൂഹിക സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ഇതിനായി വിപുലീക രിച്ചിട്ടുണ്ട്. പദ്ധതിക്കായി ഒരു ലക്ഷം രൂപ വിനിയോഗിക്കാനായി സർക്കാർ അനുമതിയും ലഭിച്ചിട്ടുണ്ട്.
മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുക എന്നീ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. വിവിധ കാരണങ്ങളാൽ അവകാശപ്പെട്ട സേവനങ്ങൾ ലഭിക്കാതെ പോകുന്ന ജനങ്ങൾക്ക് സന്നദ്ധ സേനാംഗങ്ങളോ അനുബന്ധ സേവനദാതാക്കളോ വീടുകളിൽ നേരിട്ടെത്തി സർക്കാർ സഹായങ്ങൾ ലഭ്യമാക്കും.
പ്രായാധിക്യം ഗുരുതര രോഗം തുടങ്ങിയ കാരണങ്ങളാൽ ചലനശേഷി പരിമിതപ്പെട്ട് അവശതയനുഭവിക്കുന്ന വ്യക്തികൾ, ഭിന്നശേഷിക്കാർ, പാരാപ്ലീജിയ രോഗികൾ, ഒറ്റപ്പെട്ടുപോയവർ എന്നിവരുടെ പഞ്ചായത്ത്‌തല കണക്കെടുപ്പ് നടത്തിയതിന് ശേഷം ആവശ്യമായ സഹായങ്ങൾ നൽകും. പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, പൊലീസ് സ്റ്റേഷൻ സി എച്ച് ഓ, ഐ സി ഡി എസ് സൂപ്പർവൈസർ, വയോമിത്രം പദ്ധതി കോഡിനേറ്റർ, അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധി, സ്പെഷ്യൽ അയൽകൂട്ട സി ഡി എസ്, പാലിയേറ്റീവ് കമ്മിറ്റി, പെൻഷൻ സംഘടന, പ്രദേശത്തെ പ്രമുഖ സ്ഥാപന പ്രതിനിധികൾ, മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയുന്നവർ തുടങ്ങി 15 പേരടങ്ങുന്നതാണ് ഈ സംവിധാനം.