എസ് എൻ ഡി പി യോഗം നാട്ടിക യൂണിയന്റെ നവീകരിച്ച ഓഫീസ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്തു.

നാട്ടിക: എസ് എൻ ഡി പി യോഗം നാട്ടിക യൂണിയന്റെ പുനർനിർമ്മിച്ച ഓഫീസ് മന്ദിരം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്തു. 2002 ൽ രൂപീകൃതമായ നാട്ടിക എസ് എൻ ഡി പി യൂണിയൻ 2006 ൽ സ്വന്തമായി സ്ഥലം വാങ്ങി ഇരുനില ഓഫീസ് മന്ദിരം നിർമ്മിച്ചിരുന്നു. 15 വർഷത്തിന് ശേഷം മന്ദിരം പുനർനിർമ്മിച്ച് ഓഫീസ് മുറിയും ഓഫീസ് ബെയറേഴ്സ് ക്യാബിനും, മുകളിലായി ഒരു ഓഡിറ്റോറിയവും, ഹാളും നിർമ്മിച്ചു.

രാവിലെ10 മണിക്ക് യൂണിയൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുഴുവൻ ശാഖാ ഭാരവാഹികളും അവരവരുടെ വീടുകളിലും ശാഖാ ഓഫീസ് മന്ദിരങ്ങളിലുമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈൻ ഉദ്‌ഘാടനത്തിൽ തത്സമയം പങ്കെടുത്തു.

ഈ മഹാമാരിയുടെ കാലയളവിൽ എസ് എൻ ഡി പി യോഗവും യൂണിയനുകളും കോടികണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സഹായ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പിലാക്കിയെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം ബോർഡ് മെമ്പർമാരായ ജയന്തൻ പുത്തൂർ, പ്രകാശൻ കടവിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ പ്രശാന്ത് മേനോത്ത്, ജയറാം കടവിൽ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി സ്വാഗതവും വൈസ് പ്രസിഡണ്ട് പി വി സുധീപ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് യോഗത്തിൽ പങ്കെടുത്തവർക്ക് ഓണസദ്യയും നൽകി.

Related Posts