കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ആറ് മാസത്തിന് ശേഷം തളിക്കുളത്ത് ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി.
തളിക്കുളം: ചേറ്റുവ ചാണാശ്ശേരി സനോജ് - ശിൽപ ദമ്പതികളുടെ മൂത്ത മകൻ അമൽ കൃഷ്ണയാണ് (17) മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 18 ന് അമ്മയോടൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയ അമലിനെ കാണാതാകുകയായിരുന്നു. മാതാവ് ബാങ്കിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കാണാതായത്. പരിസരങ്ങളിലെല്ലാം മാതാപിതാക്കൾ അന്വേഷണം നടത്തിയെങ്കിലും അമലിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് മാതാപിതാക്കൾ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നേതൃത്വത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവസാനം പതിഞ്ഞത് തൃപ്രയാറായിരുന്നു. അമലിന്റെ കൈവശം ഫോൺ ഉണ്ടായിരുന്നെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ചൊവ്വാഴ്ച തളിക്കുളം ഗവ. ഹൈസ്ക്കൂളിന് വടക്ക് പെട്രോൾ പമ്പിന് സമീപമുള്ള ആളൊഴിഞ്ഞ വീടിനുള്ളിൽ തലയോട്ടി കാണപ്പെട്ടത്. ഹൈവേ വികസനത്തിന്റെ ഭാഗമായി സമീപത്തെ ഹോട്ടൽ ഒഴിയൽ ഭീഷണി വന്നതോടെ ഹോട്ടൽ മാറ്റുന്നതിനായി ആളൊഴിഞ്ഞ ഈ വീട് വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സമീപത്തെ പൊന്തക്കാട് വെട്ടി വൃത്തിയാക്കിയ തൊഴിലാളികൾ വീടും വൃത്തിയാക്കാൻ ചൊവ്വാഴ്ച ഉച്ചക്ക് അകത്ത് കയറി നോക്കിയപ്പോഴാണ് വീടിനുള്ളിൽ തലയോട്ടി കാണപ്പെട്ടത്.
വിവരമറിയിച്ചതോടെ തൃശൂർ എസ് പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് മുകളിൽ കെട്ടിയ നിലയിൽ കയറും ധരിച്ചിരുന്ന പാന്റ്സും ഷർട്ടും കണ്ടെത്തിയത്. വിദ്യാർഥിയുടെതാണ് തലയോട്ടിയാണെന്ന സംശയത്തിൽ കാണാതായ അമൽ മരിച്ചതാകാമെന്ന നിഗമനത്തിൽ പൊലീസ് വസ്ത്രങ്ങൾ പരിശോധിച്ചപ്പോൾ പാന്റ്സിന്റെ കീശയിൽ നിന്ന് അമൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും എ ടി എം കാർഡും അമലിന്റെ ഫോട്ടോയും കണ്ടെത്തി. തുടർന്ന് വിവരം അമലിന്റെ വീട്ടുകാരെ അറിയിച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം ഇർഷാദ് ചേറ്റുവയോടൊപ്പം അമലിന്റെ വീട്ടുകാർ എത്തിയാണ് വസ്ത്രങ്ങളും മൊബൈലും മറ്റും തിരിച്ചറിഞ്ഞത്. തൂങ്ങി മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ മൃതദേഹം അഴുകി നിലത്ത് വീണപ്പോൾ തല വേർപ്പെട്ടതാകാമെന്ന് കരുതുന്നു. മൃതശരീരം അഴുകി പോയ ശേഷം തലയോട്ടിയും അസ്ഥികളും വസ്ത്രങ്ങളും മാത്രം അവശേഷിക്കുകയായിരുന്നു. ദ്രവിച്ച വാതിൽ തിക്കിതുറന്നാണ് അകത്ത് കയറിയതെന്ന് സംശയമുണ്ട്.
പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആളാണ് അമൽ. അമലിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്‌കോളർഷിപ്പ് തുക ഉൾപ്പെടെ ഈ അക്കൗണ്ടിലേയ്ക്കാണ് വന്നിരുന്നത്. പതിനായിരം രൂപയോളം എ ടി എം വഴി രണ്ട് അക്കൗണ്ടുകളിലേയ്ക്ക് പോയിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്ന് സൂചനയുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ശേഷമേ മരണവിവരം വൃക്തമാക്കാൻ കഴിയൂവെന്ന് പൊലിസ് പറഞ്ഞു.