തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി-യുവാക്കൾക്ക് ധനസഹായം നൽകി.
തളിക്കുളം: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദുര്യം ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ച യുവതി യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്രക്കും വിസ സംബന്ധമായ ചെലവുകൾക്കുമായി 1 ലക്ഷം രൂപ വരെ ധനസഹായം നൽകി. 7 പേർക്ക് ആദ്യ ഗഡുവായി 60000/- രൂപ വീതവും 31 പേർക്ക് രണ്ടാം ഗഡു 40000/- രൂപ വീതവും, ആകെ 1660000/- രൂപ ഉത്തരവായിട്ടുള്ളതായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ വിദേശ തൊഴിൽ ധന സഹായം വിതരണ പ്രഖ്യാപനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മല്ലികാദേവൻ അധ്യക്ഷത വഹിച്ചു. തദവസരത്തിൽ ഏങ്ങണ്ടിയൂർ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിൽ എസ് എസ് എൽ സിക്ക് ഉന്നത വിജയം നേടിയ യദു കൃഷ്ണയെ അനുമോദിച്ചു. സെക്രട്ടറി സംഗീത് സി കെ, പട്ടികജാതി വികസന ഓഫീസർ ദീപ വി എസ്, സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ ബിജോഷ് ആനന്ദൻ, കെ.ബി സുരേഷ്, മെമ്പർമാരായ വസന്തദേവ ലാൽ, ജുബി പ്രദീപ്, സി.ആർ ഷൈൻ എന്നിവർ സംസാരിച്ചു.