കിണറ്റിൽ വീണത് ഒരു ജീവൻ; കൈകൊടുത്ത് അപ്പൂപ്പനും പേരക്കുട്ടിയും, ആദരവുമായി എം എൽ എ സി സി മുകുന്ദൻ

അന്തിക്കാട്: അന്തിക്കാട് പടിയം ആ ലാ സ്റ്റോപ്പിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ അജിത്ത് എന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ അപ്പൂപ്പനെയും പേരക്കുട്ടിയെയും നാട്ടിക നിയോജക മണ്ഡലം എം എൽ എ സി സി മുകുന്ദൻ വസതിയിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. തളിക്കുളം സ്വദേശി കോഴിപ്പറമ്പിൽ ഷണ്മുഖനെയും പേരക്കുട്ടിയായ തൃപ്രയാർ ശ്രീരാമ പോളി ടെക്‌നിക്കിലെ അവസാനവർഷ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി സഞ്ജയ്നെയുമാണ് ആദരിച്ചത്. 

ഓട്ടോ ഡ്രൈവറായ തളിക്കുളം ഇടശ്ശേരി തൈവളപ്പിൽ ഉല്ലാസിന്റെ മകനായ സഞ്ജയ് പടിയത്തെ അമ്മയുടെ വീട്ടിൽ വെച്ച് അച്ചാച്ചൻ കോഴിപ്പറമ്പിൽ ഷൺമുഖനോടൊപ്പം സ്‌കൂട്ടറിൽ കടയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. പടിയം ആല ജംഗ്ഷനിലുള്ള കോഴിക്കടയിലെ ജീവനക്കാരനായ മാമ്പുള്ളി അജിത്ത് (22) പഞ്ചായത്ത്‌ കിണറിൽ നിന്ന് ബക്കറ്റുപയോഗിച്ച് കടയിലേക്കാവശ്യമായ വെള്ളമെടുക്കുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഒരു നിലവിളി ശബ്ദം കേട്ടാണ് സഞ്ജയും അപ്പൂപ്പനും വണ്ടി നിർത്തിയത്. ശബ്ദം വരുന്നത് റോഡരികിലെ കിണറ്റിൽ നോക്കിയപ്പോൾ ആഴമുള്ള കിണറിന്റെ കൽഭിത്തിയിൽ പിടിച്ച് അവശനായി നിൽക്കുന്ന അജിത്തിനെയാണ് കണ്ടത്. ആ കാഴ്ച കണ്ട് ആദ്യം ഒന്നു പകച്ചു പോയെങ്കിലും നാട്ടുകാരുടെ സഹായത്തോടെ കയറിൽ ബന്ധിപ്പിച്ച് അജിത്തിനെ കരയ്ക്കെത്തിയ്ക്കുകയായിരുന്നു. ഇപ്പോൾ ഒരു ജീവൻ രക്ഷിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് അപ്പൂപ്പനും ഇരുപതുകാരനായ പേരക്കുട്ടി സഞ്ജയും.

കയറ് ചെറുതായതുകൊണ്ട് കുനിഞ്ഞ് വെള്ളമെടുക്കുകയായിരുന്ന അജിത്ത് പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിനുള്ളിലേക്ക് വീണു. ഒരു കൈകൊണ്ട് കിണറിന്റെ ഇരുമ്പുമറയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിടിച്ചു നിന്നിരുന്ന കിണറിന്റെ കൽഭിത്തികൾ അടർന്നുവീഴാനും തുടങ്ങി. കമ്പിയിൽ കൈകുടുങ്ങിയതിനാൽ ഒരു കൈ അനക്കാൻ പറ്റാതെ കുറേ നേരം നിലവിളിച്ചു. അപ്പോഴാണ് രക്ഷകരായി സഞ്ജയും ഷണ്മുഖനും എത്തുന്നത്. കഴിഞ്ഞു പോയ സംഭവങ്ങളുടെ ഞെട്ടലിൽ നിന്നും ഇതുവരെ മുക്തനായിട്ടിലെങ്കിലും പുനർജന്മം കിട്ടിയതിന്റെ സന്തോഷത്തിലാണ് അജിത്ത്.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമുള്ള സമയമായതുകൊണ്ട് റോഡിൽ തീരെ ആളുകളുണ്ടായിരുന്നില്ല. ഉടൻ തൊട്ടടുത്തുള്ള പള്ളിയിൽ ഷൈജുവിന്റെ വർക്ക്‌ഷോപ്പിലേക്ക് ഓടി, അവിടെ നിന്ന് കിട്ടിയ ഗാർഡൻ പൈപ്പ് അജിത്തിന് പിടിച്ചു നിൽക്കാനായി കിണറ്റിലേക്കിട്ടുകൊടുത്തു. പിന്നീട് ഒരു കയർ സംഘടിപ്പിച്ച് നാട്ടുകാർ എല്ലാവരും കൂടി ആ കയറിൽ ബന്ധിപ്പിച്ച് അജിത്തിനെ കിണറ്റിൽ നിന്ന് കരയിലേക്കെത്തിയ്ക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ അജിത്തിനെ ഉടൻ ആശുപത്രിയിലേക്കയച്ചു.

എം എൽ എ, സി സി മുകുന്ദനോടൊപ്പം അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രദീപ് കൊച്ചത്ത്, അഖിലേന്ത്യ കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം സുമേഷ് തെക്കിനിയേടത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts