തൃത്തല്ലൂരിൽ ബി ജെ പി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി . ഒരാൾക്ക് കുത്തേറ്റു ..

കൊടകര കുഴൽപ്പണ കേസിനെ ചൊല്ലിയുള്ള ഫെയ്സ്ബുക് പോസ്റ്റിനെ ചൊല്ലിയായിരുന്നു തർക്കം. കുഴല്‍പ്പണക്കേസില്‍ നാളെ ബി ജെ പി തൃശൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറിയെ അന്വേഷണസംഘം ചോദ്യം ചെയ്യും.

കൊടകര കുഴൽപ്പണ കേസിനെ ചൊല്ലിയുള്ള എഫ്.ബി പോസ്റ്റിന്റെ പേരിലായിരുന്നു ഏറ്റുമുട്ടൽ. തൃത്തല്ലൂർ ആശുപത്രിയിൽ വാക്സിനെടുക്കുന്നതിനിടെയാണ് സംഭവം. കുഴൽപ്പണം നഷ്ടപ്പെട്ടതിന്റെ പേരിൽ ബി.ജെ.പിയ്ക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. കുഴൽപ്പണം കൊണ്ടു പോകുന്ന വിവരം ചോർത്തിയതിൽ ചിലർക്ക് പങ്കുണ്ടെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ , അനാവശ്യമായി നേതാക്കളെ ബലിയാടാക്കിയെന്ന് എതിർ വിഭാഗവും. നേതാക്കൾ തമ്മിലുള്ള ഈ അഭിപ്രായ ഭിന്നത അണികളും ഏറ്റെടുത്തതാണ് സംഘർഷത്തിന് കാരണം. കുഴൽപ്പണ കേസിന്റെ പേരിൽ എതിർ രാഷ്ട്രീയ പാർട്ടികളുടെ ആരോപണം നേരിടുന്നതിനിടെയാണ് ബി ജെ പിക്കാർ പരസ്പരം തെരുവിൽ ഏറ്റുമുട്ടിയത്. കുഴൽപ്പണം കൊണ്ടുവന്ന രണ്ടു പേർക്ക് മുറിയെടുത്തു നൽകിയത് തൃശൂർ ബി ജെ പി ഓഫിസിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതു കൊണ്ടു തന്നെ ഓഫിസ് സെക്രട്ടറിയെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. എന്നാല്‍ കേസുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കേസിനെ ബി.ജെ.പിയുമായി ബന്ധപ്പെടുത്താനാണ് പൊലീസ് ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു

Related Posts