സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ; ഗംഭീര ഓഫറുമായി 'ഒരുത്തീ' ടീം
നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക നവ്യ നായർ വീണ്ടും അഭിനയരംഗത്തേക്കെത്തിയ ചിത്രമാണ് 'ഒരുത്തീ'. റിലീസ് പ്രമാണിച്ച് പ്രേക്ഷകർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഒരുത്തീ ടീം. വി കെ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ റിലീസിനെത്തുന്നത്.
സ്ത്രീകളോടൊപ്പം സിനിമ കാണാൻ എത്തുന്ന പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റാണ് ഒരുത്തിയുടെ ടീമിന്റെ ഓഫർ. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദർശനങ്ങൾക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്കാണ് ഓഫർ നേടാൻ അവസരമുള്ളത്.
ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.എസ് സുരേഷ് ബാബു തിരക്കഥ എഴുതിയ ചിത്രം കെ വി അബ്ദുൾ നാസറാണ് നിർമ്മിക്കുന്നത്.