മൂന്നാറിൽ വീണ്ടും കടുവ; കൂടുകൾ സ്ഥാപിച്ച് വനപാലകർ
ഇടുക്കി: മൂന്നാർ രാജമല നൈമക്കാട് ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ അക്രമിച്ചുകൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളില്‍ കൂട് വെച്ചതിനാല്‍ രാത്രിയോടെ കുടുങ്ങുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. 100ലധികം ഉദ്യോഗസ്ഥരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. നൈമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ട അഞ്ച് കറവപ്പശുക്കളെ കടുവ കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. മൂന്നാറില്‍ ആദ്യമായാണ് കടുവ ജനവാസ കേന്ദ്രങ്ങളിലിറങ്ങി തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത്. നൈമക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് അക്രമത്തിനിരയായത്. ഇതില്‍ പത്തെണ്ണത്തിന് ജീവൻ നഷ്ടപ്പെട്ടു. ഈ സംഭവം നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിക്കുയാണ്. ഇന്നലെ രാത്രി വനംവകുപ്പ് കൂട് വെച്ചിരുന്നുവെങ്കിലും കടുവ മറ്റൊരിടത്താണ് അക്രമം നടത്തിയത്. കടുവയെ നാട്ടുകാരും വനപാലകരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. കടുവ രണ്ടു ദിവസങ്ങളിലായി എത്തിയ ഈസ്റ്റ് ഡിവിഷന് 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവനിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.