വയനാട് പുതിയടത്ത് ഇന്നലെ രാത്രിയും കടുവയിറങ്ങി; നാട്ടുകാര്‍ ഭീതിയിൽ
വയനാട് പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടെന്ന് നാട്ടുകാര്‍. വയനാട് കുറുക്കൻ മൂലയിലിറങ്ങിയ കടുവയെ പിടികൂടാൻ 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ വനംവകുപ്പ് നിയോഗിക്കും. നടപടികൾ ഏകോപിപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് ജില്ലയിലെത്തും. രാത്രി കടുവയെ കണ്ട കാര്യം വനംവകുപ്പില്‍ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ എത്തിയത് രാവിലെയാണെന്നുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് പുതിയടത്ത് പ്രദേശവാസികളും വനംവകുപ്പും തമ്മിൽ തര്‍ക്കമുണ്ടായി. പ്രദേശത്തെ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കാൽപ്പാടുകൾ വനംവകുപ്പ് സ്ഥിരീകരിച്ചു. രാത്രി 12 മണിയോടെയാണ് കടുവയെ കണ്ടതെന്ന് പ്രദേശവാസിയായ പെണ്‍കുട്ടി പറഞ്ഞു. അഡ്മിഷന്‍ ആവശ്യത്തിന് വേണ്ടി തൃശൂരില്‍ പോയി മടങ്ങുമ്പോഴാണ് പെണ്‍കുട്ടി കടുവയെ കണ്ടത്. പയ്യമ്പള്ളിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ കഴിഞ്ഞ ദിവസവും രണ്ട് വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ഡ്രോൺ ഉപയോഗിച്ചും കുങ്കിയാനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടിയിട്ടില്ല. ധാരാളം വളര്‍ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തില്‍ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉത്തരമേഖല സിസിഎഫ് ഡി കെ വിനോദ് കുമാർ കുറുക്കന്മൂലയിലെത്തിയിരുന്നു. വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്നാണ് വിലയിരുത്തല്‍.