ടിക് ടോക്ക് ഫോണിൽ നിന്ന് നീക്കം ചെയ്യണം; ജീവനക്കാർക്ക് നിർദേശം നൽകി യൂറോപ്യൻ യൂണിയൻ

ബ്രസ്സൽസ്: ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക് സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ കമ്മീഷൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. സൈബർ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രണ്ട് നയരൂപീകരണ സ്ഥാപനങ്ങൾ പുതിയ തീരുമാനവുമായി രംഗത്തെത്തിയത്. പ്രൊഫഷണൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിൽ നിന്നും കോർപ്പറേറ്റ് ഫോണുകളിൽ നിന്നും ടിക് ടോക്ക് നീക്കം ചെയ്യണമെന്നാണ് നിർദേശം. "സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, കമ്മീഷന്‍റെ കോർപ്പറേറ്റ് ഉപകരണങ്ങളിലും കമ്മീഷന്‍റെ മൊബൈൽ ഉപകരണ സേവനത്തിൽ രജിസ്റ്റർ ചെയ്ത വ്യക്തിഗത ഉപകരണങ്ങളിലും ടിക് ടോക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്താൻ കമ്മീഷന്‍റെ കോർപ്പറേറ്റ് മാനേജ്മെന്‍റ് ബോർഡ് തീരുമാനിച്ചു," യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, ടിക് ടോക്കുമായി ബന്ധപ്പെട്ട ഡാറ്റാ ചോർച്ച പോലുള്ള സംഭവങ്ങളെക്കുറിച്ച് വിശദാംശങ്ങളൊന്നും നല്കിയിട്ടില്ല. തീരുമാനത്തെ ടിക് ടോക്ക് അധികൃതർ എതിർത്തു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടിയെന്നും വളരെ നിരാശാജനകമായ തീരുമാനമാണിതെന്നും അധികൃതർ പറഞ്ഞു.

Related Posts