ഇന്ത്യയിലെ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ട് ടിക്ക്‌ടോക്ക്; 9 മാസത്തെ ശമ്പളം നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്. നാല്‍പ്പതോളം ഇന്ത്യക്കാരാണ് ടിക്ക്‌ടോക്കില്‍ ഉണ്ടായിരുന്നത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ടിക്ക് ടോക്ക് നിരോധിച്ചതിന് ശേഷം ബ്രസീൽ, ദുബായ് ഉൾപ്പെടെയുള്ള വിപണികൾക്ക് വേണ്ടിയായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 28 ആയിരിക്കും അവസാന തൊഴിൽ ദിവസമെന്ന് തിങ്കളാഴ്ച കമ്പനി ജീവനക്കാരെ അറിയിച്ചു. ജീവനക്കാർക്ക് ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്കിക്കൊണ്ടാണ് പിരിച്ചുവിടൽ. സർക്കാരിന്റെ നയം കാരണം പ്രവർത്തനം പുനരാരംഭിക്കാൻ കഴിയില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ടിക്ക് ടോക്കിന്‍റെ നടപടി. 2020 ജൂണിലാണ് ടിക്ക് ടോക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധന സമയത്ത് ടിക്ക് ടോക്കിന് ഇന്ത്യയിൽ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടായിരുന്നു.

Related Posts