പോരാട്ടത്തെ ആദരിച്ച് ടൈംസ് മാഗസിന്‍; 'ഹീറോസ് ഓഫ് ദ ഇയര്‍' ആയി ഇറാന്‍ സ്ത്രീകള്‍
2022 ലെ ടൈംസ് മാഗസിൻ ഇറാനിയൻ വനിതകളെ 'ഹീറോസ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണ് അവർക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനായി അവർ പോരാടി. ഇറാൻ സർക്കാരും മത പൊലീസും നടത്തുന്ന അതിക്രമങ്ങൾക്കെതിരെയും അവർ ശബ്ദമുയർത്തിയതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുര്‍ദ്ദിഷ് യുവതി മഹ്സ അമിനിയുടെ ദാരുണമായ മരണത്തെ തുടർന്ന് ഇറാനിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഹിജാബ് നിയമം ലംഘിച്ചെന്നാരോപിച്ച് ഇറാൻ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ അമിനി പിന്നീട് മരിച്ചു. ഇത് വലിയ രോഷത്തിലേക്ക് നയിച്ചു. ഇത് ശക്തമായ പ്രതിഷേധത്തിന് കാരണമായി. സ്ത്രീകളാണ് സമരം ആരംഭിച്ചതെങ്കിലും നിരവധി പുരുഷൻമാരും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇറാൻ അമേരിക്കയോട് തോറ്റപ്പോൾ, ഇറാനിലെ ജനങ്ങൾ ആ പരാജയം ആഘോഷിക്കുകയും അവരുടെ സർക്കാരിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം കണ്ട ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധമായി ഇത് മാറി. നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. അതിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. 18,000 ലധികം പേരെ അറസ്റ്റ് ചെയ്തു.