എല്‍ജെപി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം വെള്ളിയാഴ്ച
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രത്തിന്‍റെ പേര് വെള്ളിയാഴ്ച പ്രഖ്യാപിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവും മാക്സ് ലാബും സെഞ്ചുറി ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങും. നടനെന്ന നിലയിലും താരമെന്ന നിലയിലും ഒരു നല്ല ചിത്രത്തിനായി ഏറെക്കാലമായി കാത്തിരിക്കുന്ന മോഹൻലാലിന് ഇതൊരു ഒരു നല്ല സൂചനയായി ആരാധകർ കാണുന്നു. ആന്ധ്രാപ്രദേശിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഗുസ്തിയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. പി.എസ്. റഫീഖാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ചെമ്പോത്ത് സൈമൺ എന്നാണ് മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ എൽജെപി ചിത്രത്തിൽ ചേരുന്നത്. ഏതാനും ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ചിത്രത്തിന് ബാക്കിയുള്ളത്. ലിജോ അവസാനമായി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സ്വീകാര്യത ലഭിക്കുകയും പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തിരുന്നു.