ടിഎംസി എന്നാൽ ടെമ്പിൾ, മോസ്ക്, ചർച്ച്; മതേതരത്വ കാഹളം മുഴക്കി മമത ബാനർജി ഗോവയിൽ

തൃണമൂൽ കോൺഗ്രസ്സിന്റെ ചുരുക്കെഴുത്തായ ടിഎംസിയെ ബഹുസ്വരത ഉയർത്തിപ്പിടിക്കാനുള്ള ഉപകരണമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ടിഎംസി എന്നാൽ ടെമ്പിൾ, മോസ്ക്, ചർച്ച് എന്നാണെന്ന് ഗോവയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ മമത ബാനർജി പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് മതേതരത്വമാണ് ഉയർത്തിപ്പിടിക്കുന്നത്. പേരിൽ തന്നെ അതുണ്ട്. ടിഎംസി യിലെ ടി ടെമ്പിളിനെയും എം മോസ്കിനെയും സി ചർച്ചിനെയുമാണ് പ്രതിനിധീകരിക്കുന്നത്.

ബിജെപി തന്നെ ഹിന്ദു വിരുദ്ധയായി ചിത്രീകരിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. തനിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻ ബിജെപി ആളായിട്ടില്ല. സ്വന്തം സ്വഭാവത്തെപ്പറ്റി ആലോചന നടത്തിയാൽ അവർക്കു കൊള്ളാം. അവർ ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവരാണ്. ഞങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ ഇനീഷ്യൽസ് തന്നെ മതേതരത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്.

തന്നെ 'വരത്ത'യെന്ന് അധിക്ഷേപിച്ചു കൊണ്ടുള്ള ബിജെപിയുടെ പ്രചാരണങ്ങളെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. താൻ 'ഔട്ട് സൈഡർ' അല്ല. ഗോവയുടെ പുരോഗതിയും ഉന്നമനവും കാംക്ഷിക്കുന്ന, സംസ്ഥാനത്തിന്റെ സ്വന്തം 'സഹോദരി'യാണ്. ഗോവ ഭരിക്കേണ്ടത് ഗോവയിലിരുന്നാണെന്നും ഡൽഹിയിൽ നിന്നല്ലെന്നും മമത പറഞ്ഞു.

Related Posts