രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല് മന്ത്രിമാർ വിദേശത്തേക്ക്
യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാർ ഉക്രയ്നിൻ്റെ അയൽരാജ്യങ്ങളിലേക്ക് പോകുമെന്ന് കേന്ദ്ര സർക്കാർ. ഉക്രയ്ൻ പ്രതിസന്ധിയെക്കുറിച്ചും രക്ഷാദൗത്യത്തെ കുറിച്ചും മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം. റൊമേനിയ, പോളണ്ട്, ഹങ്കറി, സ്ലൊവാക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കാണ് മന്ത്രിമാർ പോകുന്നത്.
മന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി കെ സിങ്ങ് എന്നിവരാണ് ഉക്രെയ്‌നിന് സമീപമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യേക ദൂതന്മാരായി സന്ദർശനം നടത്തുന്നത്. വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന രണ്ടാമത്തെ യോഗമാണ് ഡൽഹിയിൽ നടന്നത്.