സൂനാമി സൃഷ്ടിക്കാൻ കഴിയുമെന്ന് അവകാശവാദം; ആണവായുധ ‍‍ഡ്രോൺ പരീക്ഷിച്ച് ഉത്തര കൊറിയ

സോൾ: ആണവായുധ ശേഷിയുള്ളതും വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്നതുമായ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഇത് ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ കഴിയുമെന്നും ഇത്തരത്തിൽ സൃഷ്ടിക്കുന്ന സുനാമി നാവിക സംഘങ്ങളെയും തുറമുഖങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഉത്തര കൊറിയ അവകാശപ്പെടുന്നതുപോലെ ഡ്രോൺ ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെങ്കിലും രാജ്യം ആണവ ഭീഷണി ഉയർത്തുന്നുവെന്ന അവകാശവാദത്തെ സാധൂകരിക്കുന്നതാണ് പുതിയ പരീക്ഷണമെന്ന് വിദഗ്ധർ പറയുന്നു. തീരത്ത് നിന്നോ കപ്പലുകളിൽ നിന്നോ വിക്ഷേപിക്കാൻ കഴിയുന്ന തരത്തിലുള്ള ഡ്രോണാണ് ഇതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. ഹെയിൽ എന്നാണ് ഡ്രോണിന്‍റെ പേര്. ഈ കൊറിയൻ വാക്കിന്‍റെ അർത്ഥം സുനാമി എന്നാണ്. പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ കിം ജോങ് ഉൻ എത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൊറിയൻ ഉപഭൂഖണ്ഡത്തിന് സമീപം യുദ്ധക്കപ്പൽ സംഘത്തെ വിന്യസിക്കാൻ യുഎസ് തയ്യാറെടുക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ പരീക്ഷണം. ഉത്തര കൊറിയയുടെ ആയുധ പരീക്ഷണങ്ങളും യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസങ്ങളും മേഖലയിലെ സൈനിക പിരിമുറുക്കം വർദ്ധിപ്പിക്കുകയാണ്.

Related Posts