ഉക്രയ്നിലെ റഷ്യൻ ആക്രമണം അവസാനിപ്പിക്കാൻ യു എൻ സുരക്ഷാ കൗൺസിലിൽ പ്രമേയം, ഇന്ത്യ വിട്ടുനിന്നു
ഉക്രയ്നിലെ സമീപകാല സംഭവവികാസങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് ഇന്ത്യ. അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര സമ്മേളനത്തിൽ യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി ആവശ്യപ്പെട്ടു.
"മനുഷ്യ ജീവൻ പണയപ്പെടുത്തി ഒരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താനാവില്ല. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഉക്രയ്‌നിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ഞങ്ങൾ അങ്ങേയറ്റം ഉത്കണ്ഠാകുലരാണ്. യു എൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും എല്ലാവരും പാലിക്കണം. പരമാധികാരത്തിനുള്ള രാജ്യങ്ങളുടെ അവകാശത്തെ എല്ലാവരും മാനിക്കണം. തർക്കങ്ങൾ പരിഹരിക്കാനുള്ള ഒരേയൊരു മാർഗം സംഭാഷണമാണ്," സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
ആക്രമണം അവസാനിപ്പിക്കാനുള്ള പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയും അൽബേനിയയും ചേർന്ന് തയ്യാറാക്കിയ പ്രമേയത്തെ 11 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ, ചൈന, യു എ ഇ എന്നിവ വിട്ടുനിന്നു.