ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനം, കഴിക്കുന്നവർക്ക് അമ്മ നൽകുന്ന സംതൃപ്തി നൽകണം: മുഖ്യമന്ത്രി
കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അമ്മമാർ നൽകുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ജാഗ്രതയും കൃത്യതയും പാലിച്ചുപോകാൻ ഹോട്ടലുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോട്ടലുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി വിലക്കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സർവേയിൽ ഇത് വ്യക്തമാണെന്നും പാചകവാതക വിലയും വർധിക്കുന്നെന്നും വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാടിന്റെ ഭക്ഷണ ശീലങ്ങൾ പിന്തുടർന്നപ്പോൾ ഇവിടെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും ഭക്ഷണ കാര്യത്തിൽ എടുക്കുന്ന നടപടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.