യുദ്ധം 12-ാം ദിവസത്തിലേക്ക്; ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് റഷ്യ

ഉക്രയ്ൻ-റഷ്യ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ജനവാസ കേന്ദ്രങ്ങളിലെ റഷ്യൻ ആക്രമണം അതിശക്തമായി. തലസ്ഥാന നഗരമായ കീവിന്റെ പ്രാന്തപ്രദേശങ്ങൾ, വടക്ക് ചെർനിഹിവ്, തെക്ക് മൈക്കോലൈവ്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് എന്നിവിടങ്ങളിൽ ഇന്നലെ രാത്രിയിൽ രൂക്ഷമായ ഷെല്ലാക്രമണം നടന്നതായി പ്രസിഡണ്ടിന്റെ ഉപദേശകൻ ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു.

ഉക്രയ്‌നിന്റെ മധ്യഭാഗത്തും വടക്കും തെക്കുമുള്ള നഗരങ്ങളിലും റഷ്യൻ സൈന്യം ഷെല്ലാക്രമണം തുടരുകയാണെന്ന് ഒരു ഉക്രേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള രണ്ടാമത്തെ ശ്രമവും ഫലം കണ്ടില്ല. അതിനിടെ, കീവ് ശത്രുത അവസാനിപ്പിച്ചാൽ മാത്രമേ മോസ്കോ ആക്രമണം നിർത്തൂ എന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ പറഞ്ഞു.

തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ ഭക്ഷണം, വെള്ളം, മരുന്ന് അടക്കം മുഴുവൻ അവശ്യ വസ്തുക്കൾക്കും ക്ഷാമം നേരിടുകയാണ്. നഗരത്തിൽ റഷ്യൻ, ഉക്രേനിയൻ സേനകൾ 11 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചിരുന്നു. സാധാരണക്കാരെയും പരിക്കേറ്റവരെയും ഒഴിപ്പിക്കാൻ വേണ്ടിയുള്ള ധാരണ പക്ഷേ നടപ്പിലായില്ല. റഷ്യ ധാരണ ലംഘിച്ചെന്നും ആക്രമണങ്ങൾ മാനുഷിക ഇടനാഴി അടച്ചെന്നും ഉക്രേനിയൻ അധികൃതർ പറഞ്ഞു.

Related Posts