അമേരിക്കയിൽ 6 മാസം പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി തേടി ഫൈസർ
അമേരിക്കയിൽ 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അടിയന്തര ഉപയോഗ അനുമതി തേടി വാക്സിൻ നിർമാതാക്കളായ ഫൈസർ-ബയോൺടെക് ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (എഫ്ഡിഎ) സമീപിച്ചു. അംഗീകാരം ലഭിച്ചാൽ അമേരിക്കയിൽ ഈ പ്രായത്തിലുള്ളവർക്ക് ലഭ്യമായ ആദ്യത്തെ കൊവിഡ് വാക്‌സിനായി ഇത് മാറും.
നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്ന് കമ്പനികൾ അറിയിച്ചു. കമ്പനികളുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടത്തിയ ട്വീറ്റിൽ അഭ്യർഥന പരിഗണിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ യോഗം ചേരുമെന്ന് എഫ്ഡിഎ അറിയിച്ചു.
ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാക്കുന്നത് ഏജൻസിയുടെ മുൻഗണനയിൽ വരുന്ന കാര്യമാണെന്ന് എഫ്ഡിഎ ഇടക്കാല മേധാവി ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു. ഒമിക്രോൺ വ്യാപനത്തിൻ്റെ വെളിച്ചത്തിൽ കുഞ്ഞുങ്ങളുടെ വാക്സിനേഷൻ പ്രാധാന്യം അർഹിക്കുന്നു.
അഞ്ച് വയസ്സിന് താഴെ പ്രായമുള്ള ഏകദേശം 23 ദശലക്ഷം കുട്ടികൾ അമേരിക്കയിലുണ്ട്. ഈ പ്രായത്തിലുള്ള ഏകദേശം 400 കുട്ടികൾ കൊവിഡ് ബാധിച്ച് ഇതേവരെ മരണമടഞ്ഞതായി സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഡാറ്റ കാണിക്കുന്നു.