വിക്രമിൻ്റെ മഹാൻ മഹാവിജയത്തിലേക്ക്; നന്ദി പറഞ്ഞ് സംവിധായകൻ കാർത്തിക് സുബ്ബരാജ്
പ്രശസ്ത നടൻ വിക്രം നായകനായ മഹാൻ എന്ന ചിത്രത്തിൻ്റെ ഗംഭീര വിജയത്തിൽ കൃതജ്ഞത രേഖപ്പെടുത്തി സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമ ഒരേസമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കാർത്തിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിക്രമിൻ്റെ മകൻ ധ്രുവ് വിക്രം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിൽ വേഷമിടുന്നത്.
സൂപ്പർ സ്റ്റാർ രജനികാന്ത് നേരിട്ട് വിളിച്ച് അഭിനന്ദിച്ചതായി സംവിധായകൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മഹാൻ ഗംഭീര ചിത്രമാണെന്നും അഭിനേതാക്കളെല്ലാം അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചതെന്നും രജനി പറഞ്ഞതായി കാർത്തിക് ട്വീറ്റ് ചെയ്തു. തലൈവർക്ക് സിനിമ ഇഷ്ടമായതോടെ ആഹ്ലാദത്തിൻ്റെ കൊടുമുടിയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ രജനിയെ നായകനാക്കി പേട്ട എന്ന ചിത്രം കാർത്തിക് സംവിധാനം ചെയ്തിട്ടുണ്ട്.
പ്രഗത്ഭ നടനായ വിക്രമിനും അദ്ദേഹത്തിൻ്റെ ബഹുമുഖ പ്രതിഭയായ മകൻ ധ്രുവ് വിക്രമിനും ഒപ്പം സിനിമ ചെയ്യാനായതിൽ വലിയ സന്തോഷമുണ്ട്. കൊവിഡ് മഹാമാരിക്കിടയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒട്ടേറെ വെല്ലുവിളികൾ ഇതിനിടയിൽ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ കഠിനാധ്വാനം വെറുതെയായില്ല എന്നതിനുള്ള തെളിവാണ്. എല്ലാവരോടും നന്ദി പറയുന്നു.