ക്രൊയേഷ്യയും മൊറോക്കോയും നേർക്കുനേർ; ലൂസേഴ്സ് ഫൈനല്‍ പോരാട്ടം ഇന്ന്
ദോഹ: ശനിയാഴ്ച രാത്രി 8.30ന് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും നേർക്കുനേർ വരും. ക്രൊയേഷ്യൻ ഫുട്ബോളിൽ പകരക്കാരനില്ലാത്ത താരം ലൂക്കാ മോഡ്രിച്ചിന്‍റെ അവസാന ലോകകപ്പ് മത്സരം കൂടിയാണിത്. കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച താരമായിരുന്നു മോഡ്രിച്ച്. ക്യാപ്റ്റന് അര്‍ഹമായ വിടവാങ്ങല്‍ ഉറപ്പാക്കാനാവും ക്രൊയേഷ്യ ശ്രമിക്കുക. ലോകകപ്പിലെ മികച്ച പ്രകടനം സെമി ഫൈനലിൽ അവസാനിച്ചെങ്കിലും മൊറോക്കോയും വിജയത്തോടെ വിടപറയാൻ ശ്രമിക്കും. സെമിയിൽ ഫ്രാൻസിനെ വിറപ്പിച്ചാണ് മൊറോക്കോ കീഴടങ്ങിയത്. അർജന്‍റീനയോട് ക്രൊയേഷ്യ തോൽവി വഴങ്ങിയതും മികച്ച പ്രകടനത്തിന് ശേഷമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഒരുമിച്ചായിരുന്നു. പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. പരിക്കേറ്റ ക്യാപ്റ്റൻ റൊമെയ്ൻ സെയ്സ്, ഡിഫൻഡർ നയേഫ് അഗ്വാർഡ് എന്നിവരുടെ സേവനം മൊറോക്കോയ്ക്ക് നഷ്ടമാകും. മധ്യനിരയിൽ സോഫിയാൻ അംറബാത്തിന്റെ പ്രകടനം മത്സരത്തിൽ നിർണായകമാകും. ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാർസെലോ ബ്രോസോവിച്ച്, ഡിഫൻഡർ ജോസെപ് ഗാർഡിയോൾ എന്നിവർ പരിക്ക് കാരണം കളിക്കാൻ സാധ്യതയില്ല.