ഇന്ന് ഇ എം എസ് സ്മൃതി; ആധുനിക കേരളത്തിൻ്റെ ചരിത്രത്തിൽ ഇ എം എസിനുള്ള സ്ഥാനം അനുപമമെന്ന് പിണറായി വിജയൻ

ആധുനിക കേരളത്തിൻ്റെ ചരിത്രത്തിൽ ഇ എം എസിനുള്ള സ്ഥാനം അനുപമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ എം എസിൻ്റെ സ്‌മരണകൾ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അദ്ദേഹത്തിൻ്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ ജീവിതവും പുതിയ വെല്ലുവിളികളെ നേരിടാൻ ദിശാബോധവും കരുത്തും പകരുന്നവയാണെന്ന് ഇ എം എസ് സ്മൃതി ദിനത്തിൽ നൽകിയ ഫേസ്ബുക്ക് സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

യാഥാസ്ഥിതിക ശക്തികൾക്കെതിരെ കർക്കശമായ നിലപാടെടുത്ത ഇ എം എസ് കേരള സമൂഹത്തെ മതനിരപേക്ഷതയുടെ ഇടമായി നിലനിർത്താൻ നിരന്തരം പ്രയത്നിച്ചു. കേരള രാഷ്ട്രീയത്തിനപ്പുറം ലോകത്തിൻ്റെ ചലനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്ന ഇ എം എസിൻ്റെ അസാധാരണമായ ധിഷണയും പാണ്ഡിത്യവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും നാടിൻ്റെയാകെയും ചരിത്രത്തെ സ്വാധീനിച്ചു. ഒരേ സമയം അസാമാന്യനായ തത്വചിന്തകനായും താരതമ്യങ്ങൾക്കതീതനായ നേതാവായും ഇന്ത്യയിലെ തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ ഇ എം എസ് തിളങ്ങി നിൽക്കുന്നു.

ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്തും അസമത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളുടെ വേരുകളറുത്തും നീതിയുടേയും സമത്വത്തിൻ്റേയും വെളിച്ചം നാടിനു പകരുന്നതിൽ ഇ എം എസ് വഹിച്ച പങ്ക് നിർണായകമാണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്കരണമുൾപ്പെടെയുള്ള വിപ്ലവകരമായ നയങ്ങളാണ് അതു സാധ്യമാക്കിയത്.

വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം സ്വപ്നം കാണാൻ കേരളത്തെ പ്രാപ്തമാക്കുന്നത് ഇ എം എസ് സർക്കാരിൻ്റെ നയങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ടാണെന്ന് പിണറായി പറഞ്ഞു. ആരോഗ്യമേഖലയിലുൾപ്പെടെ കേരളം ഇന്നനുഭവിക്കുന്ന സൗകര്യങ്ങൾക്കു പിന്നിൽ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്.

Related Posts