ഇന്ന് റിപ്പബ്ലിക് ദിനം; രാജ്‌പഥിൽ അരങ്ങേറുന്നത് നിരവധി പുതിയ പരിപാടികൾ

രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും നാളിതുവരെ രാജ്യം കൈവരിച്ച അതുല്യമായ നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ആഘോഷത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. ന്യൂഡൽഹിയിലെ രാജ്‌പഥിലാണ് പരിപാടികൾ അരങ്ങേറുന്നത്.

റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സവിശേഷമായ പരിപാടികളുടെ ഒരു പരമ്പര തന്നെ പ്രതിരോധ മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്. 75 വിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുക്കുന്ന ഇന്ത്യൻ എയർ ഫോഴ്സിൻ്റെ ഫ്ലൈപാസ്റ്റ് ഇതിൻ്റെ ഭാഗമാണ്. ജനുവരി 29-ന് നടക്കുന്ന 'ബീറ്റിംഗ് ദി റിട്രീറ്റ്' ചടങ്ങിൽ തദ്ദേശീയമായി വികസിപ്പിച്ച 1,000 ഡ്രോണുകളുടെ പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പരേഡിൽ പങ്കെടുക്കുന്ന 480 നർത്തകരെ രാജ്യവ്യാപകമായി അരങ്ങേറിയ വന്ദേ ഭാരതം എന്ന നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്തതും ആദ്യമായാണ്.

കൊവിഡ് മഹാമാരിയുടെ നിഴലിലാണ് ഇത്തവണത്തെ പരിപാടികൾ എന്നതിനാൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 15 വയസ്സിന് മുകളിലുള്ള, രണ്ട് വാക്സിനും എടുത്ത മുതിർന്നവർക്കും ഒരു ഡോസ് വാക്സിനെടുത്ത കുട്ടികൾക്കും മാത്രമേ പരേഡിൽ പ്രവേശനം അനുവദിക്കൂ. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും കൊവിഡ്-19 പ്രോട്ടോക്കോളുകൾ പാലിക്കേണ്ടത് നിർബന്ധമാണ്.

ദേശീയ യുദ്ധ സ്മാരകത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് പുഷ്പചക്രം വെച്ച് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിക്കുന്നതോടെ പരേഡ് ആരംഭിക്കും. തുടർന്ന് ധീരതയ്ക്കുള്ള അവാർഡ് വിതരണവും നടക്കും.

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് അരങ്ങേറുന്നത്. ഈ വർഷം മുതൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23-ന് ആരംഭിച്ച് രക്തസാക്ഷി ദിനമായ ജനുവരി 30-ന് അവസാനിക്കുന്ന വിധത്തിൽ ഒരാഴ്ചത്തെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Related Posts