ഇന്ന് വിജയദിവസം, രാജ്യമെമ്പാടും റാലികൾ, രക്തസാക്ഷി ഭവനങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ്

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ ക്ഷമാപണവും വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുമെന്ന പ്രഖ്യാപനവും ആഘോഷമാക്കാനൊരുങ്ങി കോൺഗ്രസ്. രാജ്യമെമ്പാടും 'കിസാൻ വിജയ് ദിവസ് ' ആയി ആചരിക്കാൻ പാർടി ആഹ്വാനം ചെയ്തു.

രാജ്യമെമ്പാടും വിജയ റാലികൾ നടത്താൻ സംഘടനാ ചുമതലയുള്ള അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുഴുവൻ സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകി. കർഷക പ്രക്ഷോഭത്തിൽ രക്തസാക്ഷികളായ 750-ലേറെ പേരുടെ കുടുംബങ്ങളിൽ എത്തി അഭിവാദ്യങ്ങൾ അർപിക്കും. കർഷകരുടെ ക്ഷേമം മുൻനിർത്തിയല്ല, മറിച്ച് അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വിവാദമായ മൂന്ന് കരിനിയമങ്ങളും പിൻവലിക്കാൻ മോദി സർക്കാർ തീരുമാനിച്ചതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. പ്രക്ഷോഭകാരികൾക്കു മുന്നിൽ കുനിഞ്ഞത് ധാർഷ്ട്യത്തിൻ്റെ തലയാണെന്നാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

ഈ മാസം 29-ന് തുടങ്ങുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങുന്നത്. നിയമങ്ങൾ റദ്ദാക്കുംവരെ സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിട്ടുണ്ട്. ഭാവി പരിപാടികൾ തീരുമാനിക്കാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരുന്നുണ്ട്.

Related Posts