ഇന്ന് ലോക ഫസ്റ്റ് എയ്ഡ് ദിനം

സെപ്റ്റംബറിലെ രണ്ടാം ശനിയാഴ്ചയാണ് ലോകമെങ്ങും ഫസ്റ്റ് എയ്ഡ് ദിനമായി ആചരിക്കുന്നത്. 2000-ത്തിൽ അന്താരാഷ്ട്ര റെഡ് ക്രോസ് ഫെഡറേഷനും റെഡ് ക്രെസൻ്റ് സൊസൈറ്റിയും ചേർന്നാണ് ദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചത്. ഫസ്റ്റ് എയ്ഡ് അഥവാ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധം വളർത്തുകയാണ് ദിനാചരണത്തിൻ്റെ ഉദ്ദേശ്യം.

അടിയന്തര പ്രഥമ ശുശ്രൂഷ നൽകുക എന്നതാണ് ഫസ്റ്റ് എയ്ഡിലൂടെ ഉദ്ദേശിക്കുന്നത്. നിർണായക ഘട്ടങ്ങളിൽ ഫസ്റ്റ് എയ്ഡിനുള്ള പ്രാധാന്യം വലുതാണ്. അടുത്തിടെ നടന്ന ഒരു റെഡ് ക്രോസ് സർവേ പ്രകാരം മുറിവു പറ്റിയുള്ള 59 ശതമാനം മരണങ്ങളും പ്രഥമ ശുശ്രൂഷ നൽകിയാൽ ഒഴിവാക്കാമായിരുന്നു എന്ന് വെളിപ്പെടുത്തി.

പൂർണമായ മെഡിക്കൽ പരിചരണം ലഭ്യമാകുന്നതുവരെയാണ് ശുശ്രൂഷ നൽകേണ്ടത്. ആപത് ഘട്ടങ്ങളിൽ കൃത്രിമ ശ്വാസം പകർന്നു നൽകുന്ന കാർഡിയോ പൾമനറി റിസസിറ്റേഷൻ (സി പി ആർ) ഫസ്റ്റ് എയ്ഡിനുള്ള മികച്ച ഉദാഹരണമാണ്. വാഹനാപകടം സംഭവിക്കുക, തീപ്പൊള്ളൽ ഏൽക്കുക, മുറിവുകൾ പറ്റുക, ഇഴജന്തുക്കൾ കടിക്കുക, കടന്നൽ കുത്തേല്ക്കുക, മൂക്കിൽ നിന്ന് രക്തം വരിക, വീഴ്ചയിൽ ഉളുക്കും ചതവും പറ്റുക തുടങ്ങി നിത്യജീവിതത്തിൽ ഫസ്റ്റ് എയ്ഡ് അനിവാര്യമാക്കുന്ന സന്ദർഭങ്ങൾ നിരവധിയാണ്.

വീട്ടിലായാലും സഞ്ചരിക്കുന്ന വാഹനത്തിലായാലും ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധമായും കരുതേണ്ടതാണ്. മുറിവിൽ പുരട്ടാനുള്ള ആൻ്റി സെപ്റ്റിക് ലോഷനുകൾ, മുറിവ് കെട്ടാനുള്ള സ്റ്റെറൈൽ കോട്ടൺ, ബാൻഡേജുകൾ, പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്കുള്ള ടാബ് ലെറ്റുകൾ, യാത്രാവേളയിലെ പൊടിയിൽ നിന്നും മറ്റു മാലിന്യങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ആൻ്റി അലർജി ഗുളികകൾ തുടങ്ങിയ അവശ്യ വസ്തുക്കളെല്ലാം ഫസ്റ്റ് എയ്ഡ് ബോക്സിൽ കരുതി വെയ്ക്കേണ്ടതാണ്.

Related Posts