ഇന്ന് ലോക വന്യജീവി ദിനം; വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ വീണ്ടെടുക്കൽ പ്രമേയം

വന്യജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ നിലനിർത്താനും പരിപാലിക്കാനും സംരക്ഷിക്കാനും വംശനാശ ഭീഷണിയിൽനിന്ന് കരകയറ്റാനുമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മാർച്ച് 3 ലോക വന്യജീവി ദിനമായി ആചരിച്ചു വരികയാണ്. ജന്തു-സസ്യ ജാലത്തെക്കുറിച്ചുള്ള അവബോധം വളർത്താനായി ലോക വന്യജീവി ദിനം എന്ന നിർദേശം ആദ്യമായി മുന്നോട്ടു വെച്ചത് തായ്ലൻഡ് ആണ്.

ഭൂമുഖത്ത് ഏതാണ്ട് 8000-ത്തിലധികം വന്യജീവികളും സസ്യജാലങ്ങളും കനത്ത വംശനാശ ഭീഷണി നേരിടുന്നുണ്ട്. 30,000-ത്തോളം ഇനങ്ങൾ അപകട ഭീഷണിയുടെ നിഴലിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ദശലക്ഷത്തോളം ജീവിവർഗങ്ങളാണ് ഇതേവരെ വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നത്.

ഐക്യരാഷ്ട്രസഭയുടെ 1, 2, 12, 13, 14, 15 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായും ദാരിദ്ര്യ നിർമാർജനം, വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കൽ തുടങ്ങിയ പ്രതിബദ്ധതകളുമായും ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ ഏറെ പ്രസക്തമാണ് ഈ ദിനാചരണം.

'ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാൻ പ്രധാന ജീവി വർഗങ്ങളെ വീണ്ടെടുക്കൽ' എന്നതാണ് ഈ വർഷത്തെ പ്രമേയം. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്തവണത്തെ പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത്.

Related Posts