ഒറ്റക്കെട്ട് സമര പ്രഖ്യാപനവുമായി ഹയർ സെക്കന്ററി അധ്യാപകർ

തൃശ്ശൂർ : അന്യായമായി മൂല്യനിർണ്ണയത്തിന്റെ പേപ്പറുകൾ വർധിപ്പിച്ചതിനെതിരെ ഫെഡറേഷൻ ഓഫ് ഹയർ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷൻ (എഫ്എച്ച്എസ്ടിഎ) സമര പ്രഖ്യാപനം നടത്തി.

ഹയർ സെക്കന്ററി മേഖലയിൽ ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം വർഷങ്ങളായി നിലനിന്നിരുന്നതിൽ നിന്നും ആശാസ്ത്രീയമായി വർധിപ്പിച്ചിരിക്കുന്ന നയം തീർത്തും അപലപനീയമാണെന്നും, ഇത്തരത്തിൽ എണ്ണം വർദ്ധിപ്പിച്ചാൽ ഒരു പേപ്പർ നോക്കാൻ 7 മിനിറ്റിൽ താഴെ മാത്രമാണ് ലഭിക്കുകയുള്ളൂ, ഇത്‌ മൂല്യനിർണ്ണയത്തിനെ ബാധിക്കുമെന്ന് സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ടി എൻ പ്രതാപൻ എംപി പറഞ്ഞു.

ഉപരിപഠനത്തിനായി വിവിധ മേഖലകളിലേക്ക് പോകേണ്ട വിദ്യാർത്ഥികളാണ് എന്ന പരിഗണന നൽകി ശാസ്ത്രീയമായ രീതിയിൽ മൂല്യനിർണയം നടത്താൻ അനുവദിക്കുന്നതിനു പകരം ഹയർ സെക്കന്ററി മേഖലയോടുള്ള ചിറ്റമ്മ നയം വ്യക്തമാക്കി കൊണ്ട് പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ചതിലൂടെ അധ്യാപകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിനേക്കാൾ വിദ്യാർത്ഥികൾക്കാണ് പ്രയാസം ഉണ്ടാകുന്നത് എന്നും എഫ് എച്ച് എസ് ടി എ ആരോപിച്ചു. ആവശ്യമായ സമയം എടുത്ത് മാത്രമേ മൂല്യനിർണ്ണയം നടത്താൻ കഴിയുകയുള്ളു എന്നതിനാൽ ഒരു ദിവസം ഒരു കെട്ട് പേപ്പർ മാത്രം മൂല്യനിർണ്ണയം നടത്തുന്ന ഒറ്റക്കെട്ട് സമരം പ്രഖ്യാപിക്കുകയാണെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

എഫ് എച്ച് എസ് ടി എ ജില്ലാ ചെയർമാൻ എൽ മജുഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. മുഹമ്മദ് ഗസ്സാലി മുഖ്യാഥിതി ആയി. കെപിസിസി സെക്രട്ടറി എ പ്രസാദ് മുഖ്യപ്രഭാഷണം നിർവഹിച്ച കൺവെൻഷനിൽ എഎച്ച്എസ്ടിഎ സംസ്ഥാന സെക്രട്ടറി കെ എ വർഗ്ഗീസ് ആമുഖ പ്രഭാഷണം നടത്തി.

എച്ച് എസ് എസ് ടി എ സംസ്ഥാന ട്രഷറർ ഡോ : എസ് എൻ മഹേഷ് ബാബു, കെ എ എച്ച് എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ പി ജാക്സൺ, എ എച്ച് എസ് ടി എ സംസ്ഥാന സെക്രട്ടറി നീൽ ടോം, കെ എച്ച് എസ് ടി യു ജില്ലാ പ്രസിഡണ്ട് സജിത, കെ എ എച്ച് എസ് ടി എ ജില്ലാ പ്രസിഡണ്ട് സി പി ജോബി, അജിത് പോൾ ആന്റോ, ലിയൊ കെ പി, രാജരാജൻ പി കെ, സി എം അനന്ത കൃഷ്ണൻ, ജസ്റ്റിൻ ജോസ്, ലിന്റൊ വടക്കൻ എന്നിവർ പ്രസംഗിച്ചു

ജില്ലാ കൺവീനർ പി വി വേണുഗോപാലൻ സ്വാഗതവും, ജില്ലാ ട്രഷറർ പി സാലിഹ് നന്ദിയും പറഞ്ഞു.

Related Posts