ഒളിമ്പിക്സ് ടേബിൾ ടെന്നീസിൽ മൂന്നാം റൗണ്ടിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മണിക ബത്ര
ടോക്യോ: ഒളിമ്പിക്സ് ടേബിൾ ടെന്നീസിന്റെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യൻ താരം മണിക ബത്ര. ഇന്നലെ രണ്ടാം റൗണ്ടിൽ ഏഴു ഗെയിം നീണ്ട മത്സരത്തിൽ ലോക 32-ാം റാങ്കുകാരിയായ ഉക്രേനിയൻ താരം മാർഗരീത്ത പെസോസ്കയെയാണ് മണിക പരാജയപ്പെടുത്തിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ടേബിൾ ടെന്നീസ് മൂന്നാം റൗണ്ടിലെത്തുന്ന ഇന്ത്യൻ വനിത എന്ന റെക്കോർഡ് ഇനി മണികക്ക് സ്വന്തം. സ്കോർ നില : 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7
ലോക റാങ്കിംഗിലെ 62-ാം സ്ഥാനക്കാരിയായ മണിക രണ്ടാം റൗണ്ടിൽ കരിയറിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടമാണ് നേരിട്ടത്. ആദ്യ രണ്ട് ഗെയിമുകളിലും നാലുപോയിന്റ് വീതം മാത്രം നേടാനായ മണിക കൈവിട്ടെന്നു കരുതിയ കളിയാണ് തിരിച്ചുപിടിച്ചത്. മൂന്നാം ഗെയിമിൽ പിന്നിൽ നിന്നശേഷം പൊരുതിക്കയറി ഗെയിം പോയിന്റ് നേടിയ ഇന്ത്യൻ താരം നാലാം ഗെയിമിലാണ് യഥാർത്ഥ വെല്ലുവിളി നേരിട്ടത്. ഒടുവിൽ 12-10ന് ഗെയിമും സ്വന്തമാക്കി. 26 കാരിയായ മണികയുടെ രണ്ടാം ഒളിമ്പിക്സാണിത്.
മൂന്ന് വിജയങ്ങൾകൂടി നേടിയാൽ (മൂന്നാം റൗണ്ട്,പ്രീ ക്വാർട്ടർ,ക്വാർട്ടർ) മണികയ്ക്ക് സെമിയിലെത്തി മെഡൽ ഉറപ്പാക്കാം.