ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; മറ്റു മലയാളി താരങ്ങള്‍ക്ക് അഞ്ചു ലക്ഷം വീതം.

ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ.

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗമായ പി ആർ ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകും.

രണ്ടു കോടി രൂപയ്ക്കൊപ്പം ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ‍ഡപ്യൂട്ടി ‍ഡയറക്ടറാണ് ശ്രീജേഷ്.

ശ്രീജേഷ് ഉൾപ്പെടെ ഒമ്പത് മലയാളികളാണ് ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്തത്. ലോങ് ജമ്പിൽ എം ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എം പി ജാബിർ, 20 കിലോമീറ്റർ നടത്തത്തിൽ കെ ടി ഇർഫാൻ, 4x400 മീറ്റർ പുരുഷ റിലേയിൽ മുഹമ്മദ് അനസ് യഹിയ, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ്, 4x400 മീറ്റർ മിക്സഡ് റിലേയിൽ അലക്സ് ആന്റണി, നീന്തലിൽ സജൻ പ്രകാശ് എന്നിവരാണ് ടോക്യോയിൽ മത്സരിച്ച മലയാളികൾ.

കഴിഞ്ഞ 5–ാം തീയതി നടന്ന മത്സരത്തിലാണ് ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീമിനു വെങ്കല മെഡൽ ലഭിച്ചത്. അതിനുശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗമായിരുന്നു ഇന്നത്തേത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

41 വർഷത്തിനുശേഷമാണ് ഇന്ത്യയ്ക്കു ഹോക്കി മെഡൽ ലഭിക്കുന്നത്. ഒളിമ്പിക്സ്‌ പുരുഷ ഹോക്കിയിൽ ജർമനിയെയാണ് ഇന്ത്യ തോൽപിച്ചത്. നിർണായകമായത് ഗോൾക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. 49 വർഷത്തിനുശേഷമാണ് മലയാളിക്കു ഒളിമ്പിക് മെഡൽ ലഭിച്ചതെന്നതും പ്രത്യേകതയാണ്.

Related Posts